ആഭ്യന്തര യുദ്ധം ; ട്രിപ്പോളിയിൽ നിന്ന് ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്

ആഭ്യന്തര യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്രിപ്പോളിയിലെ അവസ്ഥ ഓരോ ദിവസവും അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ട്രിപ്പോളിയിലുണ്ടെങ്കില്‍ ഉടന്‍ തന്നെ അവരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടണമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യക്കാരെ കൂട്ടത്തോടെ ലിബിയയില്‍ നിന്ന് തിരികെയെത്തിച്ചിട്ടും ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാര്‍ ട്രിപ്പോളിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിമാനത്താവളം തുറന്നിരിക്കുന്ന സാഹചര്യത്തില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ട്രിപ്പോളിയില്‍ ഉണ്ടെങ്കില്‍ ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടണമെന്നും പിന്നീട് ഇവരെ രക്ഷിക്കാന്‍ ഒരു പക്ഷേ സാധിച്ചെന്നു വരില്ലെന്നും സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത സൈന്യം ശ്രമിക്കുന്നതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി വ്യാപക സംഘര്‍ഷമാണ് ഇവിടെ നടക്കുന്നത്.