അഭിനന്ദൻ വർധമാന് കശ്മീരില്‍ നിന്ന് സ്ഥലം മാറ്റം
പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ രാജ്യത്തിനു അഭിമാനമായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം. പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.
കഴിഞ്ഞ ഫെബ്രുവരി 27ന് പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ വിമാനം തകര്‍ന്ന് അഭിനന്ദന്‍ 60 മണിക്കൂറോളം അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. മാര്‍ച്ച് ഒന്നിന് രാത്രിയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചത്.
പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയ കാര്യം മനസിലാക്കി ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചിരുന്നു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് തകര്‍ന്ന് അഭിനന്ദന്‍ പാക്കിസ്ഥാനില്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്.
ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്-16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാര്‍ശ ചെയ്തതായും വിവരമുണ്ട്.