പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയെങ്കിലും ടിക് ടോക്ക് ഇവിടെ ഉണ്ട്

ആരാധകരെ വിഷമത്തില്‍ ആക്കിയ കോടതി വിധിക്ക് പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കം ചെയ്‌തെങ്കിലും എപികെ മിറര്‍ എന്ന തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ എണ്ണം വര്‍ധിക്കുന്നു. നിരോധനത്തിന് ശേഷം എപികെ മിററില്‍ നിന്നും ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ് എന്നതാണ് ഏറ്റവും രസകരം. ഇത് പറയുന്നത് എപികെ മിററിന്റെ സ്ഥാപകന്‍ ആര്‍ട്ടെ റുസ്സകോവ്‌സ്‌കിയാണ്. എപികെ മിററില്‍ നിന്നും ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നത് ഏപ്രില്‍ 17 ആയതോടെ 12 ഇരട്ടിയായി മാറിയെന്നാണ് റുസ്സകോവ്‌സ്‌കി പറയുന്നത്.

കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ടിക് ടോക് വഴി അശ്ലില ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.