ശ്രീലങ്കൻ സ്ഫോടനം: മരണം 207 ആയി ; 500 ലേറെപ്പേർക്ക് പരിക്ക്
ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. സംഭവത്തില്‍ 500ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 40ഓളം പേര്‍ വിദേശികളാണെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. പിന്നീട് മറ്റിടങ്ങളിലും ആക്രമണം ആവര്‍ത്തിച്ചു. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സ്ഫോടനത്തിന്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു.
നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നയാണ് വിവരം. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി.എസ്. റസീന (61) ആണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്‌ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. റസീന ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോളായിരുന്നു സ്‌ഫോടനമുണ്ടായത്. ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്പ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.