ശ്രീലങ്ക സ്ഫോടനം ; കൊല്ലപ്പെട്ടവരില്‍ ഡെൻമാർക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ കുടുംബവും
ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മക്കളും. പോവല്‍സന്‍ ഫാഷന്‍ കമ്പനിയുടെ ഉടമയായ ആന്‍ഡേഴ്‌സ് ഹോള്‍ച്ചല്‍ പോവല്‍സണിന്റെ നാല് മക്കളില്‍ മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
കുടുംബമായി ഈസ്റ്റര്‍ ആഘോഷിക്കാന്‍ ശ്രീലങ്കയില്‍ എത്തിയപ്പോഴാണ് സംഭവമെന്ന് ആന്‍ഡേഴ്‌സന്റെ വക്താവ് പറയുന്നു. എന്നാല്‍ കുട്ടികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഓണ്‍ലൈന്‍ റീട്ടെയില്‍ സെല്ലറായ അസോസ്, പ്രശസ്ത ബ്രാന്‍ഡായ ജാക്ക് ആന്‍ഡ് ജോനസ് അടക്കം വിവിധ ബ്രാന്‍ഡുകളുടെ ഉടമയായ കോടിപതിയാണ് ആന്‍ഡേഴ്‌സ്.
സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാനാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റിന്റെ മാധ്യമ യൂണിറ്റ് വ്യക്തമാക്കി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും.
പല സമയങ്ങളിലായാണ് ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണങ്ങള്‍ നടന്നത്. ആദ്യ ഏഴ് സ്‌ഫോടനങ്ങള്‍ നടന്ന ശേഷം ഉച്ച തിരിഞ്ഞാണ് എട്ടാമത്തെ സ്‌ഫോടനം നടന്നത്. രാജ്യതലസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങളാണ് അക്രമികള്‍ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തൗഹീത്ത് ജമാ അത്ത് എന്ന തീവ്ര ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യ സൂചന.
സ്‌ഫോടനങ്ങളില്‍ 290 പേര്‍ മരിച്ചെന്നാണ് ഇതുവരെ വന്ന കണക്ക്. ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രവര്‍ത്തകര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. മൂന്ന് പേരെ കാണാനില്ലെന്നും കുമാരസ്വാമി അറിയിച്ചു.