ഭീകരാക്രമണം; മരണ സംഖ്യ 290 ; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിനിസേനയാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ശ്രീലങ്കയില്‍ പ്രദേശിക തലത്തില്‍ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ആഗോള ഭീകരസംഘടനയായ ഐഎസ്‌ഐഎസിന്റെ സഹായം ലഭിക്കുന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളില്‍പ്പെടുന്നതാണ് നാഷണല്‍ തൗഹീദ് ജമാ അത്ത് (എസ്എല്‍ടിജെ) എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍ടിജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനമുണ്ട്.
സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കിയതിന് 24 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. റെയ്ഡുകളും അന്വേഷണവും സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു. തലസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് അനുസരിച്ച് 290 പേര്‍ കൊല്ലപ്പെട്ടു എന്നാണു വിവരം. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് രഹസ്യമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ആറ് സ്‌ഫോടനങ്ങളാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് പേരാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ഷാങ്ക്രി ലാ ഹോട്ടലിലെ സ്‌ഫോടനത്തിനായി രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയര്‍ന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍നിന്നുള്ള അഞ്ച് ജെഡിഎസ് നേതാക്കളെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പറഞ്ഞു.