ഏറ്റവുമധികം തവണ ഡക്കായതിന്‍റെ റെക്കോർഡുമായി രാജസ്ഥാൻ റോയൽസ് താരം ആഷ്ടൺ ടേണർ

രാജസ്ഥാന്‍ റോയല്‍സ് താരം ആഷ്ടണ്‍ ടേണര്‍ ആണ് ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ ഡക്കായതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് ടേണര്‍ക്ക് ഈ നാണം കെട്ട റെക്കോര്‍ഡ് സ്വന്തമായത്. ഇന്നലെ ഐപിഎല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഡക്ക് കുറിച്ച ടേണര്‍ ആകെ അഞ്ചു വട്ടമാണ് ഇങ്ങനെ പുറത്തായത്.

ഐപിഎല്‍ മത്സരത്തില്‍ കളിക്കുന്നതിനു മുന്‍പ് നടന്ന ബിഗ് ബാഷ് മത്സരത്തിലും പൂജ്യത്തിനു പുറത്തായ ടേണര്‍ ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിലും പൂജ്യത്തിനു പുറത്തായിരുന്നു. ഇതോടെയാണ് ഡക്കുകളുടെ എണ്ണം അഞ്ചിലെത്തിയത്.

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് വട്ടം റണ്ണൊന്നുമെടുക്കാതെ പുറത്തായ ഈ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനൊപ്പം നിലവില്‍ ഈ റെക്കോര്‍ഡ് പങ്കിടുകയാണ്. ഇതിനോടൊപ്പം മുന്‍പത്തെ രണ്ട് ഡക്കുകള്‍ കൂടിച്ചേര്‍ന്നപ്പോഴാണ് ലോക റെക്കോര്‍ഡിലെത്തിയത്.

അഞ്ചു ഡക്കുകളില്‍ നാലും ഗോള്‍ഡന്‍ ഡക്കുകളാണെന്നതാണ് മറ്റൊരു തമാശ. ഓസ്‌ട്രേലിയന്‍ ജേഴ്‌സിയിലൊഴികെ ക്ലബ് ജേഴ്‌സിയില്‍ നടന്ന എല്ലാ മത്സരങ്ങളിലും ടേണര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി എന്നതാണ് ശ്രദ്ധേയം.