കേളി അന്താരാഷ്ട്രകലാമേള ജൂണ്‍ 8, 9 തീയതികളില്‍: രജിസ്‌ട്രേഷന്‍ മെയ് 12 വരെ

ജേക്കബ് മാളിയേക്കല്‍

സൂറിക്ക്: ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോല്‍സവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ റീന അബ്രഹാം അറിയിച്ചു. കേളി സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്ന പതിനാറാമത് കലാമേളയാണ് ഈ വര്‍ഷം അരങ്ങേറുക. ഇതിനോടകം നൂറോളം പേര് രജിസ്റ്റര്‍ ചെയ്തു.

ഇന്‍ഡ്യന്‍ എംബസി ബേണിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് കേളി കലാമേള 2019 അരങ്ങേറുന്നത്. കേളി എക്‌സിക്യു്ട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റിയും സംയുക്തമായി കലാമേളയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കേളി കലാമേളയുടെ രജിസ്‌ട്രേഷന്‍ www.kalamela.com വഴി മാത്രമേ സാധിക്കുകയുള്ളൂ. മെയ് 12ന് രജിസ്ട്രേഷന്‍ സ്വീകരിക്കുന്നതല്ല. ജൂണ്‍ 8, 9 തീയ്യതികളില്‍ സൂറിച്ചിലെ ഫെറാല്‍ടോര്‍ഫിലാണ് പതിവ് പോലെ ഈ വര്‍ഷവും കലാമേള അരങ്ങേറുക. നൃത്തനൃത്ത്യേതര ഇനങ്ങളില്‍ വിവിധ മല്‍സരങ്ങള്‍ മൂന്ന് സ്റ്റേജുകളിലായി അരങ്ങേറും. സൂപ്പര്‍ ഷോര്‍ട്ട് ഫിലിമിന് ലോകത്തിലെവിടെ നിന്നും എന്‍ട്രി നല്‍കാവുന്നതാണ്. സൂര്യ ഇന്ത്യാ കലാതിലകം കലാപ്രതിഭ, കേളി കലാരത്ന ഫാ.ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ക്ക് പുറമെ മത്സര വിജയികള്‍ക്കെല്ലാവര്‍ക്കും ട്രോഫികളും സെര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും.

ഇന്‍ഡ്യന്‍ കലകളെ യൂറോപ്യന്‍ മണ്ണില്‍ വെള്ളവും വെളിച്ചവും നല്‍കി ഊട്ടി വളര്‍ത്തുന്ന ഉത്കൃഷ്ട പ്രവൃത്തിയാണ് അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ചെയ്തു വരുന്നത്. ഈ മത്സര വേദിയില്‍ നിന്നും ഉദിച്ച് വന്ന നിരവധി താരങ്ങളാണ് യൂറോപ്പില്‍ ശോഭിക്കുന്നത്.

അമ്പതിലധികം ജഡ്ജസ് നൂറോളം വോളന്റീയേഴ്‌സ് നിരവധി കലാകാരികളും കലാകാരന്മാരും മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിനരാത്രങ്ങള്‍ യൂറോപ്പില്‍ ഉത്സവപ്രതീതി ഉണര്‍ത്തുന്ന യുവജനോഝവമാണ് കേളി അന്താരാഷ്ട്രകലാമേള.

കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ കേരളത്തില്‍ കാരുണ്യപ്രവര്‍ത്തനത്തിനായി മാത്രം വിനിയോഗിക്കുന്നു എന്നതും ഈ കലാമേളയെ ഏറെ ശ്രദ്ധേയമാക്കുന്നു.