പ്രധാനമന്ത്രി ആയതിനുശേഷം ആദ്യ വാര്‍ത്തസമ്മേളനത്തിന് തയ്യറായി മോദി

2014ല്‍ പ്രധാനമന്ത്രി എന്ന അധികാരമേറ്റെടുത്തതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി വാര്‍ത്തസമ്മേളനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരിക്കും വാര്‍ത്താസമ്മേളനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബിജെപി കേന്ദ്ര നേതൃത്വം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം മോദി ഇതുവരെ വാര്‍ത്താസമ്മേളനം നടത്തുകയോ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ചില ബിജെപി അനുകൂല ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയെങ്കിലും രാഷ്ട്രീയ ചോദ്യങ്ങളോ ഭരണ വിലയിരുത്തലുകളോ നേരിട്ടിട്ടില്ല. മോദിയുടെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ മൗനിബാബ എന്നു വിശേഷിപ്പിച്ച മോദി എന്തുകൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദി മാധ്യമങ്ങളെ കാണുന്നത്. ഏപ്രില്‍ 26നാണ് വരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. തുടര്‍ന്ന് റോഡ് ഷോയും നടത്തും.