കൈരളി നികേതന്‍ യുവജനോത്സവം 2019: ആദ്യപാദ മത്സരങ്ങള്‍ സമാപിച്ചു
വിയന്ന: കൈരളി നികേതന്‍ മലയാളം സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ആദ്യപാദ മത്സരങ്ങള്‍ സമാപിച്ചു. വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള മലയാളം സ്‌കൂളിന്റെ ഹാളില്‍ നടന്ന ഉത്ഘാടന ചടങ്ങളില്‍ ഫാ. തോമസ് കൊച്ചുച്ചിറ ഭദ്രദീപം തെളിച്ച് യുവജനോത്സവം 2019 ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കുട്ടികളും, അദ്ധ്യാപകരും, സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികളും, മാതാപിതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. മൂന്ന് ഘട്ടമായി സംഘടിക്കുന്ന മേളയിലെ മലയാള ഗാനം, പ്രച്ഛന്നവേഷം, കഥ പറച്ചില്‍, ഉപകരണ സംഗീതം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും, സംഘഗാന മത്സരങ്ങളുമാണ് ആദ്യപാദത്തില്‍ ഉണ്ടായിരുന്നത്. വിയന്നയിലെ രണ്ടാം തലമുറയില്‍പ്പെട്ട നൂറോളം കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുത്.
ചിത്രരചന മത്സരം ഏപ്രില്‍ 27ന് റാതൗസിന് സമീപം ഏബന്‍ഡോര്‍ഫര്‍ സ്ട്രാസെ 8ല്‍ നടക്കും. ഉച്ച കഴിഞ്ഞ് 3.45 മുതല്‍ വൈകിട്ട് 6 മണി വരെയാണ് മത്സരം. ക്ലാസിക്കല്‍ നൃത്തങ്ങള്‍, സിനിമാറ്റിക്ക് നൃത്തങ്ങള്‍, ക്രിസ്ത്യന്‍ ഡാന്‍സ് തുടങ്ങിയ മേളയിലെ ജനപ്രിയ ഇനങ്ങള്‍ ഫേ്ളോറിസ്ഡോര്‍ഫിലുള്ള ഹൗസ് ദേര്‍ ബെഗേഗ്‌നുംഗില്‍ മെയ് 11ന് നടക്കും.
കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതുതലമുറയ്ക്ക് വേണ്ടി വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന യുവജനോത്സവം സംഘാടക മികവുകൊണ്ടും കുട്ടികളുടെ മത്സരചാതുര്യംകൊണ്ടും വിയന്ന മലയാളികള്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി രേഖപ്പെടുത്തി.
ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലവും കൂടുതല്‍ ചിത്രങ്ങളും വിയന്നയിലെ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും.