കെവിൻ കൊലപാതകം ; കോടതിയിൽ സുഹൃത്ത് ലിജോയുടെ നി‍‍ർണായക മൊഴി

കെവിന്‍ കൊലപാതകക്കേസില്‍ കോടതിയില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി . കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച് പറഞ്ഞത് കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമെന്ന് ചാക്കോയുടെ സുഹൃത്തും അയല്‍വാസിയുമായ ലിജോ മൊഴി നല്‍കി. ‘ കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്’ എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നല്‍കിയിരിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ലിജോ മൊഴി നല്‍കിയത്.

ഒന്നാം പ്രതി ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍, ഇതിനെ തള്ളിക്കളയുന്നതാണ് 26-ാം പ്രതി ലിജോയുടെ മൊഴി. ചാക്കോയുള്‍പ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അത് കൊണ്ട് തന്നെ ലിജോയുടെ മൊഴി കേസില്‍ അതീവ നിര്‍ണായകമാണ്.

മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്നലെ നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല.

പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി. നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.