ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി ആക്രമണം: മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും ഒന്നും പറയാനില്ലേ ?


ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ ചൊല്ലി നടന്മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥിയായ കെ എസ് രാധാകൃഷ്ണന്‍. ഈ തീവ്രവാദി ആക്രമണത്തിനെതിരെ പൊതു സമൂഹം വേണ്ടവിധം പ്രതികരിച്ചില്ല എന്നും മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ടെന്നുമാണ് തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ രാധാകൃഷ്ണന്റെ പറയുന്നത്.

കെ എസ രാധാകൃഷ്ണന്‍ മുസ്ലിം നാമധാരികളായ നടന്മാരുടെ മാത്രം പേരെടുത്തു പറഞ്ഞത് ഉള്ളില്‍ വര്‍ഗ്ഗീയ ചിന്തയുള്ളതു കൊണ്ടാണെന്നു തുടങ്ങി ബിജെപിയുടെയും ആര്‍എസ്എസ് ഇന്റെയും വര്‍ഗ്ഗീയതയെ വിമര്‍ശിച്ചും രാധാകൃഷ്ണന്റെ അഭിപ്രായത്തെ പിന്തിച്ചും പോസ്റ്റിനു താഴെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്ത് വാക്ക് പോര് നടത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്‌കറെ തോയ്ബ അയിരുന്നു എങ്കില്‍ ഇന്ന് അത് നാഷണല്‍ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്‍ലാദനും സഹ്രാന്‍ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആധുനിക കാലത്ത് ജനാധിപത്യവല്‍കൃതമായ മതവിശ്വാസങ്ങളെ തകര്‍ത്ത് സര്‍വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില്‍ ലോകത്തെ അമര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര്‍ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.’

https://www.facebook.com/drksradhakrishnan/posts/2275449662544632