ജനപ്രിയനായ വാര്‍ത്ത അവതാരകന്‍ ഗോപന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയോ കേരള സര്‍ക്കാര്‍ ?


ആകാശവാണിയുടെ മുന്‍ വാര്‍ത്താ അവതാരകന്‍ ശ്രീ ഗോപന്റെ മൃതദേഹം കേരള ഹൌസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കാന്‍ കേരള സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചില്ല. ഇത് അദ്ദേഹത്തോട് കാട്ടിയ അനാദരവാണെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും ഗോപന്റെ ആരാധകരും പറയുന്നത്.

ഇന്നലെ രാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് 79കാരനായ ഗോളാണ് നായര്‍ മരണപ്പെടുന്നത്. ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പരസ്യത്തിലൂടെയാണ് പുതു തലമുറയ്ക്ക് അദ്ദേഹം ഏറ്റവും പരിചിതമായത് എങ്കിലും ആകാശവാണി ശ്രോതാക്കളായ പഴതലമുറക്ക് ആ ശബ്ദം ഒരിക്കലും മറക്കാന്‍ കഴിയില്ല.

ആകാശവാണിയുടെ മുന്‍ വാര്‍ത്താ അവതാരകന്‍ ശ്രീ ഗോപന്റെ മൃതദേഹം കേരള ഹൌസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി തേടി ഡല്‍ഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. രാവിലെ 8 മണിക്ക് അനുമതി ലഭിക്കുമെന്നും 8.10 ഓടെ പൊതു ദര്‍ശനത്തിനു എത്തിച്ചു 11 മണിക്ക് ശേഷം വീട്ടിലേക്കു മൃദദേഹം എത്തിക്കാമെന്നും വൈകിട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്നുമാണ് ബന്ധുക്കളും സുഹൃത്തുകളും കരുതിയത്. രാവിലെ കേരള ഹൌസ് റെസിഡന്റ് കമ്മീഷണറെ ബന്ധപ്പെട്ടപ്പോള്‍ കേരള സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചില്ല എന്നാണ് അറിയിച്ചത്. തിരുവനന്തപുരത്തു വിളിച്ചപ്പോള്‍ ട്രാവന്‍കോര്‍ പാലസില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അറിയിച്ചു. വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് ട്രാവകൂര്‍ പാലസ്, ഇത് ഗോപനോട് കാണിക്കുന്ന അനാദരവാണെന്ന് മനസിലാക്കിയ സുഹൃത്തുക്കള്‍ പൊതുദര്‍ശനം ഒഴിവാക്കി അദ്ദേഹത്തിന്റെ മൃദദേഹം വീട്ടിലേക്കു തന്നെ എത്തിച്ചു. എന്നാല്‍ കേരള ഹൗസ് റസിഡന്റ് കമ്മിഷ്ണര്‍ പുനിത് കുമാര്‍ പറയുന്നത് രേഖാമൂലം തന്നോട് ആരും അനുമതി തേടിയില്ലെന്നാണ്.

40 കൊല്ലം ആകാശവാണിയില്‍ മലയാളം വാര്‍ത്ത വായിച്ചിരുന്ന അദ്ദേഹം വിരമിക്കുമ്പോള്‍ ആകാശവാണി മലയാള വിഭാഗം മേധാവിയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയിരിക്കുന്നത് ഗോപന്‍ ആണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും, നെഹ്‌റുവിന്റെ മരണവും, ആര്യഭട്ടയുടെ വിക്ഷേപണവും ഉള്‍പ്പടെ പ്രമുഖ വാര്‍ത്തകള്‍ മലയാളികള്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ്.