കര്‍ദിനാളിനെതിരെ വ്യാജരേഖ സംഘടിപ്പിക്കാന്‍ 10 ലക്ഷം രൂപ ചെലവഴിച്ചു ; പതിനഞ്ചോളം വൈദികര്‍ക്ക് ഗൂഡാലോചനയില്‍ പങ്ക്
വ്യാജ ബാങ്ക് രേഖാ കേസില്‍ സിറോ മലബാര്‍ സഭയിലെ ഫാദര്‍ പോള്‍ തേലക്കാടിനെതിരെ മുന്‍ വൈദിക സമിതി അംഗം രംഗത്ത്. വ്യാജ രേഖ നിര്‍മ്മിച്ചതിന്റെ ബുദ്ധികേന്ദ്രം പോള്‍ തേലക്കാടാണെന്നും പതിനഞ്ചോളം വൈദികര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും ഫാദര്‍ ആന്റണി പൂതവേലില്‍ ആരോപിക്കുന്നു. സത്യം പുറത്ത് വരാന്‍ പ്രത്യേക സംഘത്തെ കേസ്
ഏല്‍പ്പിക്കണമെന്നാണ് കര്‍ദ്ദിനാള്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്.
2017ല്‍ തന്നെ വിമത വൈദികര്‍ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്നാണ് ആരോപണം. കര്‍ദ്ദിനാളിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വൈദികന്‍ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായും ഫാദര്‍ ആന്ര്‍റണി പൂതവേലില്‍ പറയുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നലിവില്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള വൈദികരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. അതിനാല്‍ പ്രത്യേക സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്നും കര്‍ദ്ദിനാള്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഫാദര്‍ ആന്റണി പൂതവേലിലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് വിശദമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നയാള്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും ഒപ്പമുള്ള ആള്‍ക്കാര്‍ക്കെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാര തകര്‍ച്ചയെക്കുറിച്ച് ദുഖമുണ്ടെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് വ്യക്തമാക്കി.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് നിര്‍മ്മിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് ഗൂഢാലോചനയില്‍ ഫാദര്‍ പോള്‍ തേലക്കാട് അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ അനുകൂലിയായ വൈദികന്‍ രംഗത്ത് വരുന്നത്.