ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കും ഈ വരുന്ന പുതിയ കൂട്ടുകെട്ട്
ആഗോള എണ്ണ വിപണി അതിന്റെ പഴയ കുത്തക അധികാരകേന്ദ്രങ്ങളില്‍ നിന്നും ശക്തമായി വ്യതിചലിച്ചേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം ഇന്ധന ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും നില്‍ക്കുന്നത് യഥാക്രമം ചൈനയും ഇന്ത്യയുമാണ്. ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അടങ്ങുന്ന ഒരു പ്രത്യേക ഉപഭോക്തൃ ബ്ലോക്ക് രൂപീകരിക്കാനുള്ള തീവ്രമായ ശ്രമം നടക്കുന്നുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ആഗോള എണ്ണ വിപണിയുടെ കുത്തക തകിടം മറിയും.
വിലപേശി ഉറപ്പിക്കുന്ന വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ശക്തി ഈ കൂട്ടുകെട്ടിനുണ്ടാകും പ്രത്യേകിച്ച് ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും. എണ്ണ ഇറക്കുമതിയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ജപ്പാനും ദക്ഷിണ കൊറിയയും ഈ ബ്ലോക്കിലേക്ക് വരാനുള്ള സാധ്യതകള്‍ ഏറെയാണ്. അതും കൂടി സാധ്യമായാല്‍ പിന്നെ ഒപെക് ഉള്‍പ്പടെയുള്ള പെട്രോളിയം ശക്തികള്‍ക്ക് ഇന്ത്യയുടെയും ചൈനയുടെയും താളത്തിന് തുള്ളേണ്ടിവരുന്ന കാഴ്ച്ച വിദൂരമാകില്ല.
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക നല്‍കിയിരിക്കുന്ന നിയന്ത്രിത ഇളവ് മെയ് രണ്ടിന് അവസാനിക്കും. ഇത് ഇന്ത്യയുടേയും ചൈനയുടെയും ഇന്ധന കണക്കുകള്‍ താറുമാറാകും. ഈ സാഹചര്യങ്ങള്‍ കൂടിയാണ് പുതിയ നീക്കങ്ങള്‍ക്ക് ചടുലത കൂട്ടാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.