ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പണം തട്ടിയ സംഭവം 2 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍


വിവാദ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ച കളളപ്പണം തട്ടിയ കേസില്‍ രണ്ട് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് പിടികൂടി. കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇരുവരെയും പിടി കൂടുന്നത്.ജലന്തറില്‍ ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത 16.65 കോടി രൂപയില്‍ 7 കോടി രൂപ തട്ടിയെടുത്ത ഇരുവരും മിച്ചമുള്ള 9.77 കോടി രൂപയാണ് ആദായനികുതി വകുപ്പിന് കൈമാറിയത്.

സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ഇവര്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു . ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരെ ഉടന്‍ പഞ്ചാബ് പൊലീസിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

സഹായിയുടെ കൈയ്യില്‍ നിന്നും കൈപ്പറ്റിയ പണം വിദേശത്തേക്ക് കടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 4 കോടി രൂപ അമേരിക്കയിലുള്ള സുഹൃത്തിനും രണ്ട് കോടി രൂപ പാരിസിലുള്ള സുഹൃത്തിനും മണി ഗ്രാം വഴി അയച്ച് നല്‍കിയെന്നാണ് മൊഴി. നേപ്പാളിലെ കാഡ്മണ്ഠുവില്‍ നിന്നാണ് പണം അയച്ചത്.