മസൂദ് അസര്‍ ആഗോള ഭീകരന്‍ : ഇന്ത്യയുടെ നയതന്ത്ര വിജയം


ജൈഷേ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഇനി ആഗോള ഭീകരന്‍. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മുന്‍പ് നിരന്തരമായി ഈ ആവശ്യം ഇന്ത്യ ഉന്നയിച്ചപ്പോള്‍ ചൈന മാത്രമാണ് ഇതിനെ എതിര്‍ത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈന എതിര്‍ത്തില്ല. ഈ പ്രഖ്യാപനം ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ്.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജൈഷേ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യം അമേരിക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി യുഎന്നിന്റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ അന്ന് ചൈന ആവശ്യപ്പെട്ടു. ചൈനയുടെ നിലപാട് രാജ്യാന്തര തലത്തില്‍ വലിയ വിമര്ശനങ്ങള ഉയര്‍ത്തി. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഇപ്പോള്‍ ചൈന നിലപാട് മയപ്പെടുത്തുകയായിരുന്നു.

ബലം പ്രയോഗിച്ച് പ്രമേയം കൊണ്ടു വരാനുള്ള ശ്രമം യു എന്‍ ഭീകരവാദ വിരുദ്ദ സമിതിയുടെ അധികാരങ്ങളിലേക്കുള്ള അമേരിക്കയുടെ കടന്നു കയറ്റമാണെന്നായിരുന്നു ചൈനയുടെ നിലപാട്. ആഗോള ഭീകരന്‍ എന്ന യുഎന്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മസൂദ് അസറിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും, സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും, ഇത് നിര്‍ദേശിക്കുന്ന കരട് പ്രമേയം സുരക്ഷാ സമിതി അംഗങ്ങള്‍ക്ക് അമേരിക്ക നേരത്തെ വിതരണം ചെയ്തിരുന്നു. യുഎന്‍ നടപടിക്കായി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.