ഇന്ത്യയില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ശിവസേന


ഇന്ത്യയില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുകയാണ് ശിവസേന. മുസ്ലിം സ്ത്രീകളുടെ ഈ വസ്ത്രധാരണ രീതി ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ബുര്‍ഖ നിഖാബ് എന്നിവയ്ക്ക് പൊതുസ്ഥലങ്ങളില്‍ നിരോധനം ഏര്‍പ്പെടിത്തിയിരിക്കുകയാണ്. ഇതേ ചുവടു പിടിച്ച് ഇന്ത്യയിലും നിരോധനം ഏര്‍പ്പെടുത്തണം എന്നാണ് മുഖപത്രമായ സാംനയിലൂടെ ശിവസേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യം ആവശ്യപ്പെടുന്നത്.

‘രാവണന്റെ നാട്ടില്‍ നിരോധിക്കാം എങ്കില്‍ ശ്രീരാമന്റെ നാട്ടില്‍ നിരോധിക്കാന്‍ യാതൊരു പ്രയാസവുമില്ല. ബുര്‍ഖ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്, സുരക്ഷാസേനയ്ക്ക് ആള്‍ക്കാരെ തിരിച്ചറിയാന്‍ ഈ വസ്ത്രധാരണ രീതികൊണ്ട് വലിയ ബുദ്ധിമുട്ടാണ്. മുത്തലാഖ് മാത്രമല്ല ബുര്‍ഖയും രാജ്യത്തു നിരോധിക്കേണ്ട സമയം അത്രിക്രമിച്ചു. മുസ്ലീങ്ങള്‍ അവരുടെ മതത്തെ മനസിലാക്കിയിട്ടില്ല, ബുര്‍ഖ ധാരണം, മുത്തലാഖ്, ബഹുഭാര്യത്വം, കുടുംബാസൂത്രണത്തോടുള്ള വിയോജിപ്പ്, അങ്ങിനെ ആചാരങ്ങളുടെ പേരില്‍ അവര്‍ ആശയക്കുഴപ്പത്തിലാണ്. ഇതിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ‘മുസ്ലിങ്ങള്‍ അപകടത്തിലാണ്’ എന്നതരത്തില്‍ മുറവിളികൂട്ടും. ദേശീയതയ്ക്കും രാജ്യതാല്പര്യങ്ങള്‍ക്കും മതത്തിനു മുകളില്‍ പ്രാധാന്യം അവര്‍ നല്‍കുന്നില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ അതെ ഇച്ഛശക്തിയോടെ ഈ നിരോധനം ഏര്‍പ്പെടുത്തണം.’

കഴിഞ്ഞ ദിവസം മറ്റൊരു സംഘ പരിവാര്‍ സംഘടനയായ ഹിന്ദു സേനയും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ശിവസേന ഉള്‍പ്പടെയുള്ളവരുടെ ഈ ആവശ്യം പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.