ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് ; വേഗം 200 കിമീ കടന്നേക്കും
ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഉച്ചക്ക് ശേഷം ഗോപാല്‍ പൂര്‍ ചന്ദ്ബാലി തീരത്തിനിടയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. ആന്ധ്രയിലെയും പശ്ചിമ ബംഗാളിലേയും ഒറീസയിലെയും 19 ജില്ലകളെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 103 ട്രെയിനുകള്‍ ഇതു വരെ റദ്ദാക്കിയിട്ടുണ്ട്.
അതുപോലെ ഫോനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇത് വലിയ ഭീതിയ്ക്ക് കാരണമായിട്ടുണ്ട്.
ഒഡിഷയില്‍ 14 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്തെത്തുമെന്നാണ് കരുതുന്നത്. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശ ജില്ലകളില്‍ ഫോനി കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.