മോദിയുടെ നുണ ബോംബ് പൊളിച്ചടുക്കി രാഹുല്‍ ; രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്ഫോടനങ്ങള്‍

താന്‍ പ്രധാന മന്ത്രി ആയതിനു ശേഷം അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെ പൊളിച്ചടുക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി അധികാരത്തില്‍ കയറിയ ഇക്കാലയളവില്‍ 942 സ്‌ഫോടനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് തെളിവുകള്‍ നിരത്തി രാഹുല്‍ പറഞ്ഞത്.

‘2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്‌ഫോടനശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി….അങ്ങനെ 942 വന്‍ സ്‌ഫോടനങ്ങളാണ് 2014 മുതല്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി ചെവി തുറന്ന് വച്ച് അതൊക്കെ കേള്‍ക്കേണ്ടതാണ്’. രാഹുല്‍ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഗാദ്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 പോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്റെ പ്രതികരണം.