ജീവന്‍ രക്ഷിക്കാന്‍ പോയി, ജീവനെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതിയായി…

വൃദ്ധനായ അയല്‍ വാസിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവേ സ്വന്തം വാഹനം മറ്റൊരു സ്‌കൂട്ടറില്‍ തട്ടിയുണ്ടായ അപകടമാണ് നാരോക്കാവ് സ്‌കൂളിലെ അധ്യാപകനായ ബിനുവിനെ കേസില്‍ പ്രതിയാക്കിയത്. തന്റെ വാഹനം തട്ടി പരിക്കേറ്റ അമ്മയും, മകളും നല്‍കിയ പരാതിയില്‍ ബിനുവിന്റെ വാഹനം വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ബിനു ചെയ്ത സല്‍ പ്രവര്‍ത്തിയെ അഭിനദ്ധിച്ച പോലീസുകാര്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു നല്‍കാമെന്ന വാഗ്ദാനം നല്‍കിയതായും അധ്യാപകന്‍ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ശരിക്കും ഞാനൊരു പാഠം പഠിച്ചു…!

സമ്മിശ്ര വികാരങ്ങള്‍ നല്കിയ അനുഭവങ്ങളാണ് ഈയൊരു കുറിപ്പ് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്..
കഴിഞ്ഞ ദിവസം (26.04.19)പകല്‍ 11 മണിക്ക് എന്റെ അയല്‍വാസിയായ ജയിംസ് ചേട്ടന്റെ വീട്ടില്‍ നിന്നും അലമുറയിട്ട് ഉച്ചത്തില്‍ കരയുന്നത് കേട്ട് ഞാനുള്‍പ്പടെയുള്ള അയല്‍വാസികളും റോഡില്‍ കൂടി കടന്നു പോകുന്ന ആളുകളും അവിടെ ഓടിക്കൂടിയപ്പോള്‍ കണ്ട കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. രക്തം ചര്‍ദ്ദിച്ച് കണ്ണുകള്‍ മലക്കം മറിഞ്ഞ് ബോധരഹിതനായി തറയില്‍ കിടക്കുന്ന ജയിംസ് ചേട്ടന്‍… ഒരു നിമിഷം പോലും പാഴാക്കിയില്ല… ഉടനടി ഇട്ടിരുന്ന ഡ്രസ്സുമായി തങ്കച്ചന്‍ ചേട്ടന്റെ സഹായത്തോടെ കാറില്‍ കയറ്റി ഹെഡ് ലൈറ്റും ഇട്ട് ഹോര്‍ണും മുഴക്കി അതിവേഗത്തില്‍ അടുത്തുള്ള മണിമൂളി ആശുപത്രിയിലേക്ക്. കാറില്‍ കയറിയപ്പോള്‍ മുതല്‍ നിര്‍ത്താതെ രക്തം ചര്‍ദിച്ചിരുന്ന ജയിംസ് ചേട്ടന്‍ ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ ആശുപത്രി വളപ്പിലേക്ക് പ്രവേശിച്ചതും എതിര്‍ ദിശയില്‍ ഒരു സ്‌കൂട്ടറില്‍ രണ്ട് സ്ത്രീകള്‍ വരുന്നു.. ഒരൊറ്റ നിമിഷം..! ബ്രേക്ക് ചെയ്തുവെങ്കിലും കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ മറിയുകയും ചെയ്തു. രണ്ട് പേരും താഴെ വീണു.ആളുകള്‍ ഓടിക്കൂടി. ഇവരെ ഒന്ന് ആ ക്യാഷ്വാലിറ്റിയിലേക്ക് എത്തിക്കൂ എന്നു അവരോട് പറഞ്ഞ് ഞാന്‍ കാറുമായി അത്യാസന്ന നിലയിലുള്ള ജെയിംസ് ചേട്ടനെ ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഉടനെ സ്‌കൂട്ടര്‍ യാത്രികരുടെ അടുത്തേക്ക് ഞാന്‍ എത്തിയപ്പോഴേക്കും മറ്റൊരു വാഹനത്തില്‍ അവരെ കയറ്റിയിരുന്നു. അവരെയും ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ആ രണ്ട് സ്ത്രീകള്‍ അമ്മയും മകളുമായിരുന്നു. മകള്‍ക്ക് പരിക്കില്ല. അമ്മക്ക് കാലിന് വേദനയുണ്ട്. ചെറിയ മുറിവും ഉണ്ട്.

അതിനിടയില്‍ ജെയിംസ് ചേട്ടനെ പരിശോധിച്ച് ഡോക്ടര്‍ എന്നെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. കുറച്ച് സീരിയസ്സ് ആണ്. എത്രയും പെട്ടന്ന് മികച്ച ചികിത്സയ്ക്കായി നല്ല ആശുപത്രിയില്‍ എത്തിക്കണം. ഉടനടി ആബുലന്‍സ് എത്തി. എങ്ങോട്ട് കൊണ്ട് പോകണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. ഏല്ലാവരും എന്നോട് യുക്തമായി തീരുമാനമെടുത്ത് വേണ്ട പോലെ ചെയ്യു എന്ന് പറഞ്ഞു.മക്കളില്ലാത്ത ജയിംസ് ചേട്ടന്റെ ഒരു മകന്റെ സ്ഥാനത്തു നിന്ന് ആബുലന്‍സില്‍ വച്ച് പല ആശുപത്രിയുമായി ബന്ധപ്പെട്ടു. മഞ്ചേരി കൊരമ്പയില്‍ കാര്‍ഡിയോളജി Main ഡോക്ടര്‍ ലീവ് ആണ്. തീരുമാനം മാറ്റി. നേരെ പെരിന്തല്‍മണ്ണ EMS ലേക്ക്..

ആബുലന്‍സില്‍ കയറ്റുന്ന ആ ചെറിയ സമയത്തിനിടക്ക് ഞാന്‍ ആ ചേച്ചിയുടെയും മകളുടെയും അടുത്ത് എത്തി അവരെ ആശ്വസിപ്പിച്ചു. പക്ഷേ അവര്‍ വളരെ രോഷാകുലരായിട്ടാണ് എന്നോട് സംസാരിച്ചത്.അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടത്തിന്റെ ഭീതിയായിരിക്കാം കാരണം എന്നു കരുതി ഞാന്‍ സ്വയം ആശ്വസിച്ചു. ഞാന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ പേടിക്കേണ്ട. എന്ത് ചികിത്സ വേണമെങ്കിലും ലഭ്യമാക്കാം. എന്റെ ചാച്ചനും എന്റെ കൂട്ടുകാരനും ഇവിടെയുണ്ട്. ഇവര്‍ നിങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരും. ഡോക്ടറോടും സംസരിച്ചിട്ടുണ്ട്.ഞാന്‍ രോഗിയുമായി ആംബുലന്‍സില്‍ പോവുകയാണ്. അവരുടെ കൂടെ പോകാന്‍ ഞാന്‍ മാത്രമേ ഉള്ളൂ..’
ചേച്ചിയെ ഡോക്ടര്‍ പരിശോധിച്ചു.കാലിന്റെ എക്‌സറേ എടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. പരിക്കും പൊട്ടലും ഒന്നുമില്ല എന്ന റിപ്പോര്‍ട്ട് വന്നു. വേദനക്കുള്ള മരുന്നുകള്‍ നല്കി. വീട്ടില്‍ പൊയ്‌ക്കോളൂ എന്ന് ഡോകടര്‍ നിര്‍ദ്ദേശിച്ചു. എന്റെ കൂട്ടുകാരന്‍ വിനോദ് ആശുപത്രി ബില്‍ സെറ്റില്‍ (Rs.800 )ചെയ്തു. പക്ഷേ അവര്‍ വയറിന് വേദനയുണ്ട്, സ്‌കാന്‍ ചെയ്യണമെന്നും പറഞ്ഞ് സ്വന്തം തീരുമാന പ്രകാരം നിലമ്പൂരിലേക്ക് പോയി.

ഞങ്ങള്‍ 12.50 ന് EMS ഹോസ്പിറ്റലില്‍ എത്തി. ECG എടുക്കുവാന്‍ വേണ്ടിയുള്ള ധൃതിയിലുള്ള ആശുപത്രി ജീവനക്കാരുടെ ശ്രമം. എന്താണെന്നറിയില്ല.ജയിംസ് ചേട്ടന് പെട്ടെന്നൊരു വല്ലായ്മ.കണ്ണുകള്‍ മലക്കം മറിഞ്ഞു. വായില്‍ കൂടി നുരയും പതയും. ശരീരമാകെ വിയര്‍ത്തൊഴുകുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും വളരെ പെട്ടന്ന് തീവ്രപരിചരണ വിഭാഗത്തിലെ അതിതീവ്രപരിചരണ റൂമിലേക്ക് എടുത്തു കൊണ്ട് ഓടി എന്തൊക്കെയോ ചെയ്യുന്നു. നിറഞ്ഞ കണ്ണുകളുമായി ഞാനും തങ്കച്ചന്‍ ചേട്ടനും പരസ്പരം നോക്കി. കൈകള്‍ അമര്‍ത്തിപ്പിടിച്ചു. എന്തോ ഒരു പന്തികേട് ഞങ്ങള്‍ക്ക് തോന്നി.ജയിംസ് ചേട്ടനു പ്രഷര്‍ 80/50. അത്ഭുതകരമെന്ന് പറയട്ടെ ഡോക്ടര്‍ പുറത്തിറങ്ങി പറഞ്ഞു.. പേടിക്കേണ്ട. കുഴപ്പമൊന്നുമില്ലന്ന്. ഞങ്ങള്‍ ആശുപത്രിയിലെത്താന്‍ ഒരു 5 മിനിറ്റ്
വൈകിയിരുന്നെങ്കില്‍…!

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെ അവിടെ നിന്നും ഗാസ്‌ട്രോ സ്‌പെഷിലിസ്റ്റിന്റെ സേവനത്തിനായി മൗലാന ആശുപത്രിയിലേക്ക്.
മൗലാനയില്‍ വച്ച് എന്‍ഡോസ്‌കോപ്പി നിര്‍ദ്ദേശിച്ചു. ആമാശയത്തിനടുത്ത് Internal Bleeding ഉണ്ട്. ആ മുറിവ് ഉണങ്ങുന്നതിനുള്ള Injection ആരംഭിച്ചു. ഇപ്പോള്‍ ICU ല്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ജയിം സേട്ടന്‍ അപകട നില തരണം ചെയ്തു എന്ന് സന്തോഷത്തോടെ സൂചിപ്പിക്കട്ടെ…

തിരിച്ച് നിലമ്പൂര്‍ക്ക് വരാം..
ഈ തിരക്കുകള്‍ക്കിടയിലും ഞാന്‍ രണ്ട് തവണ അപകടം പറ്റിയ ചേച്ചിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പരുക്കനായ മറുപടിയാണ് എനിക്ക് ലഭിച്ചിരുന്നത്…
വൈകിട്ട് 5 മണിക്ക് ചേച്ചിയുടെ ബന്ധു വിളിച്ചു. സ്‌കാന്‍ ചെയ്തപ്പോള്‍ വയറില്‍ നീര്‍ക്കെട്ട് ഉണ്ടെന്നും 15 ദിവസത്തേക്ക് മരുന്ന് തന്നിട്ടുണ്ടെന്നും പറഞ്ഞു. 15 ദിവസം കഴിയുമ്പോള്‍ ഡോക്ടറെ കാണുമ്പോള്‍ വീണ്ടും മരുന്നു വേണ്ടി വരുമെന്നും. നിങ്ങള്‍ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായി വഹിക്കുകയും ഞങ്ങളുടെ വാഹനം നന്നാക്കി തരികയും വേണം. ഇല്ലങ്കില്‍ നിങ്ങളുടെ പേരില്‍ ഞങ്ങള്‍ കേസു കൊടുക്കും. എന്താണു വേണ്ടത് ? ഞാന്‍ പറഞ്ഞു.. അവിടെ എത്തിയിട്ട് നമുക്ക് നേരിട്ട് സംസാരിക്കാമെന്ന്.. അങ്ങിനെ അവര്‍ പറഞ്ഞതനുസരിച്ച് 7 മണി ആയപ്പോഴേക്കും പെരിന്തല്‍മണ്ണയില്‍ നിന്നും മണിമൂളി ആശുപത്രി പരിസരത്ത് ഞാന്‍ എത്തി. ചേച്ചിയുടെയും മകളുടെയും കൂടെ ബന്ധുക്കളായ രണ്ട് ചേട്ടന്‍മാരും ഉണ്ടായിരുന്നു. ചേട്ടന്‍മാരുമായി നടന്ന കാര്യങ്ങള്‍ സംസാരിച്ചു. സ്‌കാനിങ് (ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ല)ഉള്‍പ്പടെയുള്ള എല്ലാ ചെലവുകളും നല്കാമെന്നും പറഞ്ഞു. Scooter ന് ഫസ്റ്റ് ക്ലാസ്സ് Insurance ഉള്ളത് കൊണ്ട് അത് കമ്പനിക്കാര്‍ ചെയ്തു തരുമല്ലോ.. എന്നും പറഞ്ഞു. പക്ഷേ വാഹനം നന്നാക്കുന്നതിന്റെ ചെലവും ഞാന്‍ വഹിക്കണമെന്നായി അവര്‍. ചേട്ടന്‍മാരുമായി ഞാന്‍ സംസാരിക്കുന്നതിനിടയില്‍ ചേച്ചിയും വന്നിരുന്ന് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ദേഷ്യമാണോ സങ്കടമാണോ കരച്ചിലാണോ.. ?പലവിധ വികാരങ്ങള്‍ ഒരേ സമയം എന്നിലേക്കോടിയെത്തി.

ഇതാണ് ചോദ്യങ്ങള്‍ !

65 വയസ്സ് കഴിഞ്ഞ ഒരു വൃദ്ധന്റെ ജീവന്‍ രക്ഷിക്കുന്നത് ചെറുപ്പക്കാരായ ഞങ്ങളെ രണ്ട് പേരെയും ഇല്ലാതാക്കിയിട്ടാണോ..?

ഇങ്ങനെയാണൊ വണ്ടി ഓടിക്കുന്നത്?

എനിക്ക് ഉത്തരമില്ല.. ഞാന്‍ തലകുനിച്ച് നിന്നു.. ചേച്ചീ. ഞാന്‍ മനപൂര്‍വ്വമല്ല..ബ്ബ..ബ്ബ..ബ്ബ
വാക്കുകള്‍ മുറിഞ്ഞു.

അടുത്തത്.. നിന്റെ വെപ്രാളം കണ്ടപ്പോള്‍ ഞാന്‍ കരുതി ചോര ചര്‍ദ്ദിച്ചത് നിന്റെ അപ്പനാണെന്നാ.. പിന്നീടാണറിഞ്ഞത് നിന്റെ അയല്‍വാസിയാണെന്ന്. അപ്പോള്‍ നിന്റെ അപ്പനാണ് ചോര ചര്‍ദ്ദിച്ചതെങ്കില്‍ നീ എന്തു വരവു വരുവായിരുന്നു..?
കണ്ണുകളില്‍ ഈറനണിഞ്ഞെങ്കില്‍ പോലും ഞാന്‍ മറുപടി നല്കി. ചേച്ചി.. എന്റെ അപ്പനാണെങ്കിലും അയല്‍വാസി ആണെങ്കിലും ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഈ ചേച്ചിയാണെങ്കിലും ഞാന്‍ ഈ വരവുതന്നെയാകും വരിക. ആരുടെയാണെങ്കിലും ജീവനാണ് ചേച്ചി വില..

വീണ്ടും.. നീ ഞങ്ങളെ കുത്തി മറിച്ചിട്ടിട്ട് അയാളെയും കൊണ്ട് ആബുലന്‍സില്‍ കേറി നീ പോയില്ലേ.? നീ എന്നെ തിരിഞ്ഞ് നോക്കിയോ?
നീ മനസ്സാക്ഷിയുള്ള ആളാണെങ്കില്‍ എന്റെ അടുത്തല്ലേ നില്‍ക്കേണ്ടത്.. ഞാന്‍ ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്.. നിന്റെ മനോഭാവം ശരിയല്ല. നീ ഇതില്‍ നിന്നും ഒരു പാഠം പഠിക്കും……. ഇങ്ങനെ തുടര്‍ന്നു.
എന്റെ മറുപടി ഇത്രമാത്രം..’ചേച്ചീ ഞാന്‍ ശരിക്കും ഒരു പാഠം പഠിച്ചു. നമ്മള്‍ കൂടുതല്‍ സംസാരിക്കേണ്ട .കേസ് കൊടുത്തോളൂ’
അപ്പോഴേക്കും ‘ ഈ കേസുകെട്ടിന് ഞാന്‍ ഇല്ല’ എന്ന് പറഞ്ഞ് ചേച്ചിയുടെ കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടന്‍ വീട്ടിലേക്ക് പോയി. ഞങ്ങളുടെ സംസാരം കേട്ടുനിന്നവര്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാനില്ല..
അങ്ങനെ അവര്‍ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി .എന്നെയും വിളിപ്പിച്ചു. പിറ്റേ ദിവസം എന്നേക്കാള്‍ മുന്‍പ് സ്റ്റേഷനില്‍ പോയി കാര്യങ്ങളെല്ലാം അവര്‍ അവതരിപ്പിച്ചു. എന്നോട് പറഞ്ഞ അതേ ഡയലോഗുകള്‍ അവര്‍ പോലീസിനോടും ആവര്‍ത്തിച്ചു.ഉച്ചതിരിഞ്ഞ് എന്റെ കാറുമായി ഞാനും ചെന്നു. ചേച്ചി നേരത്തെ എത്തിയതിനാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പറയേണ്ടി വന്നില്ല. പോലീസിന് കാര്യങ്ങള്‍ ‘ശരിക്കും ‘ മനസ്സിലായിരുന്നു. ഞാന്‍ സ്റ്റേഷനിലേക്ക് കയറുമ്പോള്‍ അവിടെ മൂന്ന് വനിതാ പോലീസും 2 പുരുഷ പോലിസും ഉണ്ടായിരുന്നു. അതില്‍ ഒരു വനിതാ പോലിസ് ചിരിച്ച്‌കൊണ്ട് ‘നിങ്ങളാണോ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി രണ്ടാളെ കൊല്ലാന്‍ ശ്രമിച്ചത്…?’
‘അതേ മാഡം.. ഞാന്‍ തന്നെയാണ് അയാള്‍ ‘ എന്ന് എന്റെ മറുപടി കേട്ടപ്പോള്‍ ഒരു കൂട്ടച്ചിരി. ഹൃദ്യമായി സ്വീകരിച്ചു.ഇരിക്കുവാന്‍ കസേര ഇട്ടുതന്നു. അവര്‍ക്ക് എല്ലാം മനസ്സിലായതുകൊണ്ട് എനിക്ക് കൂടുതല്‍ ഒന്നും പറയാനുണ്ടായിരുന്നില്ല. ‘മാഷേ പലരും പലവിധത്തിലാണ്. നിങ്ങള്‍ ചെയ്ത സല്‍പ്രവര്‍ത്തിയുടെ ഇടയില്‍ അറിയാതെ സംഭവിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ തളരരുത്. ഞങ്ങളുടെ എല്ലാ സഹായവും ഉണ്ടാകും. മാഷിന്റ വാഹനം എത്രയും പെട്ടന്ന് പുറത്തിറക്കാനാ നുളള ക്രമീകരണം ഞങ്ങള്‍ ചെയ്‌തോളാം ‘
എന്തു നല്ല ഇടപെടലായിരുന്നു നമ്മുടെ കേരളാ പോലീസിന്റെ. സ്വാന്തനവും ഒപ്പം പുത്തന്‍ ഊര്‍ജ്ജവുമായി രണ്ട് ആള്‍ ജാമ്യത്തില്‍ ഞാന്‍ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക്.. പക്ഷേ എന്റെ കാര്‍..
ഇത് ഇവിടെ കുറിക്കുന്ന നിമിഷത്തില്‍ ആ കാറിന്റെ ഒടുവിലത്തെ സഹായം കിട്ടിയത് ജയിംസ് ചേട്ടനാണ്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പെട്ടന്ന് കുഴഞ്ഞുവീണ എന്റെ ഭാര്യാപിതാവിനെയും കൊണ്ട് ലൈറ്റ് ഇട്ട് ഹോര്‍ണും അടിച്ച് ചീറിപാഞ്ഞതും ഇവന്‍ തന്നെയാണ്.. മൂന്നാഴ്ച മുന്‍പ് എന്റെ അയല്‍വാസിയായ 8 മാസം ഗര്‍ഭിണിയായ യുവതിയെയും കൊണ്ടും രാത്രി 2 മണിക്ക് EMS ലേക്ക് കുതിച്ചതും ഈ വാഹനമാണ്. നാളിതുവരെ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടി പല ആശുപത്രികളിലേക്കും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി ഒരുപാട് തവണ ഇവന്‍ ഓടിയിട്ടുണ്ട്. ഇനി രണ്ടു ദിവസം വിശ്രമിക്കട്ടെ.. സ്റ്റേഷന്‍ പരിസരത്തെ തണല്‍ വൃക്ഷങ്ങള്‍ക്ക് കീഴില്‍ ശാന്തനായി. തിരിച്ച് വരുമ്പോള്‍ ഒരു പക്ഷേ ഇവനും എന്നോട് ചില പാഠങ്ങള്‍ പറഞ്ഞുതരാനുണ്ടാവും..
ഒന്നുകൂടി.. എനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എന്നെ തൂക്കികൊല്ലണമെന്നും ആഗ്രഹം പങ്കുവെച്ച ചേച്ചീ.. ഈ പ്രവൃത്തിയുടെ പേരില്‍ നിങ്ങള്‍ നല്കിയ കേസില്‍ എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ പോലും നിറഞ്ഞ പുഞ്ചിരിയോടെയും ആത്മാഭിമാനത്തോടെയും ആ തൂക്കുകയറിനെ ഒരു പൂമാലയായി ഞാന്‍ സ്വീകരിക്കും.
ചേച്ചി.. ഒരുപാട് നന്ദിയുണ്ട്. ആരും പഠിപ്പിക്കാത്ത ചില പാഠങ്ങള്‍ എന്നെ പഠിപ്പിച്ചതിന്. ‘ശരിക്കും ഞാനൊരു പാഠം പഠിച്ചു.. നമുക്ക് ചുറ്റുപാടും ഇങ്ങനെയുള്ള മനസ്സുള്ള മനുഷ്യര്‍ ഉണ്ടല്ലോ എന്ന വലിയ പാഠം.’