ഉള്ളില്‍ എരിയുന്ന ഭീകരത സമൂഹത്തെ കൊണ്ടെത്തിക്കുന്നത് എവിടെ: നിങ്ങളും ഞാനും തീവ്രവാദികളാണോ
ഓരോ സ്‌പോടനത്തിലും പൊട്ടിത്തെറിക്കുന്നത് ഒന്നോ രണ്ടോ അല്ലെങ്കില്‍ കുറെയധികം വ്യക്തികളോ കുറച്ചു രാസപദാര്‍ത്ഥങ്ങളോ മാത്രമാണോ? തീര്‍ച്ചയായും അല്ല. ലോകത്ത് എല്ലായിടത്തും നടക്കുന്ന എല്ലാ ഭീകരവാദങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും നാമെല്ലാവരും ഒരുപോലെ ഉത്തരവാദികള്‍ അല്ലെ? ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നമുക്കാവില്ല. നമ്മിലെ അക്രമവാസന, അതിരുകടന്ന ദേശീയ ബോധം, നമ്മുടെ ദൈവങ്ങളും അവരെ താങ്ങിനിര്‍ത്തുന്ന വിശ്വാസങ്ങളും, കാലാകാലങ്ങളായി നാം വച്ചുപുലര്‍ത്തിയ മുന്‍വിധികള്‍, നാം അഭിമാനപൂര്‍വ്വം കരുതുന്ന നമ്മുടെ സാംസ്‌കാരം, പെരുമാറ്റരീതികള്‍, അയല്‍വാസിയുടെ അല്ലെങ്കില്‍ അയല്‍രാജ്യത്തെ ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണക്രമങ്ങള്‍ എന്നിവയെടെല്ലാം വൈദേശികമെന്നും വിചിത്രമെന്നും മുദ്രകുത്തി എല്ലാറ്റിനോടും നാം പുലര്‍ത്തുന്ന അസഹിഷ്ണത, ദൈനംദിനം ജീവിതത്തിലെ കിടമാത്സര്യങ്ങള്‍, അത്യാഗ്രഹം, ഓരോ ജനവിഭാഗങ്ങളും നിത്യേന അറിയാതെ താലോലിക്കുന്ന വംശീയവിദ്വേഷം എന്നിങ്ങനെയുളള അനേകം നമ്മിലെ വിഭാഗീയ സംഘട്ടനങ്ങളാണ് ഓരോ സ്‌പോടനത്തിലും പൊട്ടിത്തെറിക്കുന്നത്. ഈ സത്യം അംഗീകാരിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്കു കഴിയും?
ഭീകരവാദം എന്നതുകൊണ്ട് പ്രധാനമായും നാം ഉദ്ദേശിക്കുന്നത് എന്താണ്? ഏതെങ്കിലുമൊരു മതന്യൂനപക്ഷ വിഭാഗത്തിന്റെ അത്യന്തം അപകടകരവും ആപല്ക്കരവുമായ പോരാട്ടത്തെയോ, അതുമല്ലെങ്കില്‍ നിരപരാധികളായ കുറച്ചു മനുഷ്യരുടെ കൂട്ടക്കുരുതിയെയോ ആണോ? ഇന്നു ലോകത്താകമാനം വളര്‍ന്നുവരുന്ന ചാവേറുകളുടെ പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പ്രവര്‍ത്തിക്കുന്നത്? ഒരു സമൂഹത്തിന്റെ ഭാഗം എന്ന നിലയില്‍ നമ്മുടെ പങ്ക് എന്താണ്?
ലോകത്ത് എവിടെയാണെങ്കിലും, ഏതു മത രാഷ്ട്രീയ സാംസ്‌ക്കാരിക വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ ഉളളിലും പ്രവര്‍ത്തിക്കുന്നത് ഒരേ മാനസികഘടനയാണ്. നമ്മുടെ മനസ്സ് ഭൂതകാലത്തെ മാനവരാശിയുടെ വര്‍ണ്ണവര്‍ഗ്ഗ, ജാതിമതമാത്സര്യങ്ങളുടെയും ക്രൂരതയുടെയും അക്രമങ്ങളുടെയും മുന്‍വിധികളുടെയും വിദ്വേഷത്തിന്റെയും പണ്ടകശാലയാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ സമസ്ത ചരിത്രവും നമ്മില്‍ ഓരോരുത്തരിലും കുടികൊള്ളുന്നുണ്ട്. ഭൂതകാലത്തിലെ ഭീതിയും ഭാവിയിലെ ആശങ്കകളും വര്‍ത്തമാനകാലത്തെ സംവേദനക്ഷമല്ലാത്ത മനസ്സും എപ്പോഴും സ്‌പോടനക്ഷമമാണ്. ഇടക്കിടെ മിന്നിമറയുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഏതാനും സ്ഫുലിംഗങ്ങള്‍ ഒഴിച്ചാല്‍ ഓരോ വ്യക്തിയും താന്താങ്ങളുടെ കൊച്ചു കൊച്ചു മാളങ്ങളില്‍ അവനവന്റെ ദൈവത്തിനും മതത്തിനും അവയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സാസ്‌കാരികമൂല്യങ്ങള്‍ എന്നു നാം സ്വയം വിശേഷിപ്പിക്കുന്ന കുറെ അര്‍ഥരഹിതമായ മാമൂലുകള്‍ക്കും നമ്മള്‍ അടിമകളാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ശീലാവിധേയമായ (conditioned) മനസ്സിന്റെ ഉടമകളാണ് എല്ലാ മനുഷ്യരും.
നമ്മുട മാനസികഘടന അതി പ്രാചീനാവസ്ഥയില്‍ തന്നെയാണ്. കാലം ചെല്ലുന്തോറും മനുഷ്യര്‍ കൂടുതല്‍ അസൂയാലുക്കളും അത്യാര്‍ത്തിയുളളവരും അക്രമ സ്വഭാവമുള്ളവരും യുദ്ധക്കൊതിയന്മാരും ഭീരുക്കളുമായി മാറുന്നു. ശാസ്ത്ര സാങ്കേതിക പുരോഗതി ഊഹാതീതമായി വര്‍ദ്ധിക്കുമ്പോഴും നമ്മുടെ മനസ്സ് മാറ്റത്തിന് വിധേയമല്ല. ശീലാവിധേയമായ മനസ്സും അതിന്റെ ചിന്തകളുടെ സംഭരണ ശാലയായ മസ്തിഷ്‌കത്തിന്റെ ഓരോ ബിന്ദുവും നമ്മുടെ അയല്‍ക്കാരനോടും സമൂഹത്തിനോടും സദാ സംഘര്‍ഷം പുലര്‍ത്തുന്നു. വിഭജനം സംഘര്‍ഷം അന്യത്വം അസഹിഷ്ണത എല്ലാം നമ്മുടെ ബോധമണ്ഡലമാകെ നിറഞ്ഞു നില്ക്കുന്നു. നമുക്ക് അന്യമായതെന്തിനോടും – വിശ്വാസങ്ങള്‍, ആചാരങ്ങള്‍, വസ്ത്രധാണരീതികള്‍, പെരുമാറ്റങ്ങള്‍ – എല്ലാറ്റിനോടും വെറുപ്പോ, വൈമുഖ്യമോ പുലര്‍ത്തുന്ന മനസ്സാണ് നമുക്കുളളത്.
ഓരോ ഭീകരാക്രമണവും വിതയ്ക്കുന്ന നാശനഷ്ടങ്ങളും സൃഷ്ടിക്കുന്ന വേദനയും എല്ലായിടത്തും ഒരുപോലെ ആണെങ്കിലും ചിലതിനെ മാത്രമേ ലോകം ഭീകരാക്രമണമായി കരുതുന്നുളളു. എല്ലാ അക്രമണങ്ങളും – വ്യക്തികളോ, സംഘടനകളോ, ഭരണകൂടങ്ങളോ ഉത്തരവാദികളായ അക്രമണങ്ങളും – ഭീകരാക്രമണങ്ങളാണെന്നും അവ മനുഷ്യത്വത്തിന്റെമേലുളള കടന്നുകയറ്റമാണെന്നു കരുതാന്‍ നമുക്കു വിഷമമുണ്ട്. വ്യക്തികളും സംഘടനകളും നടത്തുന്ന എല്ലാ അക്രമങ്ങളും നിയമവിരുദ്ധമായ ഭീകരാക്രമണമാണെന്നു വിശ്വസിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഭരണകൂടങ്ങളും അവര്‍ നിയന്ത്രിക്കുന്ന സംവിധാനങ്ങളും നിരന്തരം നടത്തുന്ന എല്ലാ അക്രമങ്ങളും പ്രത്യാക്രമണങ്ങളും നിയമാനുസൃതമണെന്നു നാം കാണുന്നു. ഇതു നമ്മുടെ തെറ്റായ കാഴ്ചപ്പാടാണ്.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പട്ട ഭരണാധികാരികളും പരിഷ്‌കൃതസമൂഹമെന്ന് അഭിമാനിക്കുന്നവരുമല്ലേ ലോകത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ – കൂട്ടക്കൊലകള്‍ നടത്തിയിട്ടുളളത്? സ്‌നേഹവും കാരുണ്യവും പ്രസംഗിക്കുന്ന മതങ്ങളല്ലേ ഏറ്റവും കൂടുതല്‍ വെറുപ്പും വിദ്വേഷവും മനുഷ്യമനസ്സി വിതക്കുന്നത്? കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിമ ഘട്ടത്തില്‍ വംശീയ വിദ്വേഷത്തിന്റെയും രാഷ്ട്രീയ വൈര്യത്തിന്റയും പേരില്‍ എത്രയോ ദശലക്ഷം മനുഷ്യരെ അംഗീക്യത ഭരണകൂടങ്ങള്‍ കൂട്ടക്കുരുതി ചെയ്തു? ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ‘ഭീകരര്‍ക്കെതിരായ യുദ്ധം’ എന്ന പേരില്‍ അന്തര്‍ദേശീയ സമൂഹം നടത്തിയ അതിക്രൂരമായ അക്രമങ്ങള്‍ ഭീകരാക്രമണം അല്ലായിരുന്നോ? ഇതും തീര്‍ച്ചയായും ഭീകരാക്രമണങ്ങള്‍ തന്നെയാണ്. മറ്റൊരുവന്റെ അസ്തിത്വത്തിനും ദുഃഖത്തിനും കാരണമാകുന്ന ഏതു പ്രവൃത്തിയും ആരു ചെയ്തലും അതു ഭീകരാക്രമണമാണ്, അങ്ങിനെ പ്രവര്‍ത്തിക്കന്നവര്‍ ഭീകരരുമാണ്.
നിങ്ങളും ഞാനും ഭീകരവാദികളാണ്: വൈകാരികത നിറഞ്ഞ, വിട്ടുവീഴ്ചയില്ലാത്ത വിദ്വേഷവും, വിഭാഗീയത സൃഷ്ടിക്കുന്ന ചിന്തകളും വാക്കുകളും – വ്യക്തിപരവും സംഘതവുമായ – ജീവിതത്തില്‍ പുലര്‍ത്തുന്നവരാണെങ്കില്‍;
ദൈവം, സത്യം, അസ്തിത്വത്തിന്റെ അര്‍ഥം എന്നിവയെ കണ്ടുപിടിക്കാന്‍ മതഗ്രന്ഥങ്ങളിലോ, ഗുരുക്കന്മാരിലോ ആശ്രയിക്കുന്നവരും അവരുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കുന്നവരുമാണെങ്കില്‍;
മന്ത്രങ്ങളും പ്രാര്‍ത്ഥനകളും ആരാധനകളും വഴി ജീവിതത്തെ ഉദാത്തീകരിക്കാമെന്നു വിശ്വസിക്കുന്നവരാണെങ്കില്‍;
പാരമ്പര്യമായി കൈവന്ന പെരുമാറ്റസംഹിതകളെയും ആചാരങ്ങളെയും യാന്ത്രികമായി പിന്‍തുടരുന്നവരാണെങ്കില്‍;
ലോകത്ത് എവിടെ ഹിംസധ്വംസനങ്ങള്‍ നടന്നാലും അതിനെ നീതീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യുന്നവരാണെങ്കില്‍;
രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ – വലതുപക്ഷത്തിന്റെയോ, ഇടതുപക്ഷത്തിന്റെയോ സജീവ ഭാഗമാണു നമ്മളെങ്കില്‍;
നൂറ്റാണ്ടുകളായി ഒരേ രാജ്യത്ത് ജനിച്ചു ജീവിക്കുന്ന മനുഷ്യരെ മതത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ ചിന്തകളുടെയോ പേരില്‍ നുഴഞ്ഞുകയറ്റക്കാരെന്നു മുദ്രകുത്തി, ഒറ്റെപ്പെടുത്തി പീഡിപ്പിക്കുന്നതും നീതി നിഷേധിക്കുന്നതും അവര്‍ – ഭരണകക്ഷിയോ, അവരുടെ വ്യക്താക്കളോ – ആരായാലും അവരെ നമ്മള്‍ പിന്തുണയ്ക്കുന്നുവെങ്കില്‍;
സാധുക്കളും സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരുമായ അഭയാര്‍ത്ഥികള്‍ക്കതിരെ വര്‍ണ്ണവര്‍ഗ, മതവിദ്വേഷത്തിന്റെ പേരില്‍ സ്വദേശികളില്‍ തെറ്റിദ്ധാരണാജനകമായ ഭീതി പടര്‍ത്തുന്ന ഏതെങ്കിലും ദേശീയ വലതുപക്ഷരാഷ്ട്രീയ നേതൃത്വത്തെ പിന്താങ്ങുന്നവരാണെങ്കില്‍;
സൗഹാര്‍ദ്ദതയോടെ, സഹവര്‍ത്തിത്വത്തില്‍ ജീവിക്കുന്ന വിവിധ മതസ്ഥരെ വര്‍ഗീയതയുടെ ഇരകളാക്കി മാറ്റി രാഷ്ട്രീയ ലാഭം കൊയ്യുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണ് നാം എങ്കില്‍;
അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പ്രസംഗിക്കുകയും അവനെ എങ്ങിനെ എപ്പോള്‍ കീഴ്പ്പെടുത്താമെന്നു സദാ ചിന്തിക്കുകയും ചെയ്യുന്നവരാണ് ഞാനും നിങ്ങളുമെങ്കില്‍;
ദൈവം ഒന്നേയുള്ളു എന്നും എല്ലാ മതത്തിന്റെയും സാരാംശം സ്‌നേഹമാണെന്നു പറയുകയും ചെയ്യുന്ന നിങ്ങളും ഞാനും എന്റെ ദൈവം അല്ലങ്കില്‍ എന്റെ മതം മാത്രമാണു സത്യമെന്നു കരുതുന്നു എങ്കില്‍;
ജനാധിപത്യത്തിന്റെ കാവല്‍ക്കാരും തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയവരുമായ ഭരണകൂടം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കന്മാരേയും വിമര്‍ശകരെയും ക്രൂരമായി കൊലപ്പെടുത്തുന്നത് നിശബ്ദം സാക്ഷ്യം വഹിക്കുന്നവരാണെങ്കില്‍;
വിശ്വാസം ജീവനെക്കാള്‍ ശ്രേഷ്ഠമെന്നു കരുതുകയോ അങ്ങിനെ പഠിപ്പിക്കുകയോ ചെയ്യുന്ന ഏതെങ്കിലും മതവിഭാഗത്തിന്റെ അംഗങ്ങളാണ് നാം എങ്കില്‍;
സങ്കുചിതമായ ദേശീയതയുടെയും ഒടുങ്ങാത്ത വിഭാഗീയതയുടെയും പേരില്‍ സഹപൗരന്മാരോട് നിരന്തരം വൈര്യം പുലര്‍ത്തുന്നവരാണെങ്കില്‍ ഞാനും നിങ്ങളും തീവ്രവാദികളാണ്. മനുഷ്യമനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കുകയും അക്രമസാക്തമാക്കുകയും ചെയ്യുന്നത് മൂന്നു സംഗതികള്‍ : മതങ്ങള്‍, മാധ്യമങ്ങള്‍, രാഷ്ട്രീയം എന്നിവയാണ്. ഇവ മൂന്നിലും ദുഃഖം, അരക്ഷിതത്വം, ഉത്ക്കണ്ഠ, വെറുപ്പ്, മാത്സര്യബുദ്ധി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ മൂന്നും കാലത്തിനു (time) വിധേയവുമാണ്. മനുഷ്യന്റെ സമഗ്രമായ പ്രജ്ഞയെ നശിപ്പിക്കുകയും നിരന്തരം നമ്മുടെ മനസ്സില്‍ ഭയവും സംഘര്‍ഷവും ഹിംസയും സൃഷ്ടിക്കാന്‍ ഇവ മൂന്നിനും കഴിയും.
നമ്മള്‍ ബോധപൂര്‍വം ഈ മുന്നു ഘടകങ്ങളില്‍ നിന്നും നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കിയാല്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്ക്കാലികമായെങ്കിലും പരിഹാരം കാണാന്‍ കഴിയൂ. ലോകത്തു നടക്കുന്ന, അരങ്ങേറുന്ന എല്ലാറ്റിനെയും ഒരു സ്വതന്ത്ര നിരീക്ഷകനെപ്പോലെ നിരീക്ഷിക്കാന്‍ നമുക്കു കഴിയണം. ഒന്നുമായും ബന്ധനം ഉണ്ടാകരുത്, എന്നാല്‍ എല്ലാം ശ്രദ്ധിക്കുക; നിരീക്ഷിക്കുക. ഇങ്ങനെയൊരു മാനസ്സിക അവസ്ഥ എന്ന് ആരില്‍ സംജാതമാകുന്നുവോ, അന്നുമുതല്‍ അയാള്‍ ഒരു തീവ്രവാദിയോ, ഭീകരാകരവാദിയോ അല്ലാതായി മാറും.