ശ്രീലങ്കന്‍ സ്‌ഫോടനം ; എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശി കസ്റ്റഡിയില്‍

ശ്രീലങ്കന്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. ചങ്ങരംകുളങ്ങര സ്വദേശി ഫൈസലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെ പോലെ ഫൈസലും ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.

കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെ പോലെ ഫൈസലും ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. അഫ്ഗാനിലുള്ള അബ്ദുള്‍ റാഷിദ് അബ്ദുള്ള ഉള്‍പ്പെടെയുള്ള മലയാളി ഭീകരരുമായി ഫൈസല്‍ സോഷ്യല്‍മീഡിയ വഴിയാണ് ബന്ധപ്പെട്ടിരുന്നത്.

ഫൈസലിന്റെ ഭീകരവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതോടെ
ഖത്തറില്‍ നിന്നും ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കി. ദോഹയില്‍ നിന്നു കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ എന്‍ഐഎ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ഫൈസല്‍ ഉള്‍പ്പടെ മൂന്ന് പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അതേസമയം ഫൈസലിനെ പിന്തുടര്‍ന്ന് എന്‍ഐഎയും ഇന്റലിജന്‍സും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ടായിരുന്നു. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. കേസില്‍ കാസര്‍ഗോഡ് നിന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് പേര്‍ ഇപ്പോഴും എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം .