കളി തോറ്റതിന് പിന്നാലെ മെസിയെ കൂട്ടാതെ ടീം യാത്രയായി
കളി തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ആന്‍ഫീല്‍ഡില്‍ മറന്നുവച്ച് ബാഴ്സ ടീമിന്റെ ബസ്. മത്സരത്തിനു ശേഷം വിമാനത്താവളത്തിലേക്ക് കളിക്കാരെ കൊണ്ടു പോയ ബസാണ് മെസിയെ മറന്നത്. ഒരു സ്പാനിഷ് ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ് നഷ്ടപ്പെട്ട് തിരികെ നടക്കുന്ന മെസ്സിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
മത്സരശേഷം മെസ്സി ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു. എന്നാല്‍, ഈ പരിശോധന പതിവിലും അധികം നേരം നീണ്ടുപോയതാണ് മെസ്സിക്ക് വിനയായത്. മെസ്സി പരിശോധനയ്ക്കായി കാത്തിരിക്കുമ്പോള്‍ തന്നെ ടീം വിമാനത്താവളത്തിലേയ്ക്ക് യാത്ര പുറപ്പെട്ടുകഴിഞ്ഞു. പിന്നീട് പ്രത്യേക യാത്രാസൗകര്യം ഒരുക്കിയാണ് മെസ്സിയെ വിമാനത്താവളത്തില്‍ എത്തിച്ചത്.
മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകളുടെ ദയനീയ പരാജയമാണ് ബാഴ്‌സ ഏറ്റുവാങ്ങിയത്. ഇതോടെ ന്യൂ കാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോള്‍ നേടി വിജയിച്ച ബാഴ്‌സയെ 4-3 എന്ന അഗ്രഗേറ്റ് സ്‌കോരില്‍ പരാജയപ്പെടുത്തിയ ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സ മൂന്ന് ഗോളിന്റെ മേല്‍ക്കൈ ഇത്തരത്തില്‍ കളഞ്ഞുകുളിക്കുന്നത്. കഴിഞ്ഞ സീസണിലെ ഒന്നാംപാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയെ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്ത ബാഴ്സ രണ്ടാംപാദത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോറ്റ് പുറത്താകുകയായിരുന്നു.