യന്ത്രത്തകരാര്‍ ; പുതു പുത്തൻ ബുള്ളറ്റുകള്‍ കമ്പനി തിരികെ വിളിക്കുന്നു

നിരത്തിലെ ഇരുചക്ര രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡലുകളുടെ 7000 ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക് ബ്രേക്കിലെ കാലിപ്പര്‍ ബോള്‍ട്ടിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ കാലയളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ബുള്ളറ്റ്, ഇലക്ട്ര എന്നീ ബൈക്കുകളില്‍ ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപ്പറിനെയും സുരക്ഷിതമാക്കുന്ന ഭാഗമായ കാലിപ്പര്‍ ബോള്‍ട്ട് തെറ്റായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് ടീം നടത്തിയ പരിശോധനയിലാണ് ഈ പിഴവ് കണ്ടെത്തിയത്. ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിലെ ടോര്‍ക് നിശ്ചിത നിലവാരത്തിലല്ലെന്നാണു കമ്പനി പരിശോധനകളില്‍ കണ്ടെത്തിയത്. ബുള്ളറ്റ് 350 സിസി, 500 സിസി ഏന്നീ രണ്ട് മോഡലുകളിലും ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

ഈ കാലത്ത് നിര്‍മിച്ച ബൈക്കുകള്‍ കൈവശമുള്ളവര്‍ തൊട്ടടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളില്‍ എത്തി തകരാര്‍ പരിഹരിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ കമ്പനി നേരിട്ടു വിവരം അറിയിക്കുന്നുണ്ട്. ഒപ്പം മറ്റ് അധികൃതരെയും പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.