കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി: കേരള മുഖ്യനുമായി ചര്‍ച്ച നടത്തിയെന്ന് ഗഡ്കരി, ഇടങ്കോലിട്ടത് പിള്ള, ഇടപെട്ടെന്ന് കണ്ണന്താനം


ദേശീയപാതാ വികസനത്തില്‍ കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് യാതൊരു വിവേചനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീധരന്‍പിള്ളയുടെ കത്തുമായി നടപടിക്ക് യാതൊരു ബന്ധവുമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.

ദേശീയപാതാ വികസനത്തില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തോട് യാതൊരുവിധ വിവേചനവുമില്ലായെന്നും കാര്യങ്ങള്‍ക്ക് ഔദ്യോഗിക വ്യക്തത വരുത്തുമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാതയുടെ വികസനത്തിന് തടസ്സമായി വശങ്ങളില്‍ വീടുകള്‍ നില്‍ക്കുകയാണ്, അതുകൊണ്ടുതന്നെ പദവികസിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുകയാണ്. കേരളത്തെ സംബന്ധിച്ച് സ്ഥലമേറ്റെടുപ്പ് ഒരു സമസ്യയാണ്. അതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഞങള്‍ ഒരു നിര്‍ണ്ണായക തീരുമാനം എടുത്തിട്ടുണ്ട്, സ്ഥലമേറ്റെടുക്കാന്‍ ഭൂമിവില എന്തുതന്നെ ആയാലും പാതവികസനം നടപ്പാക്കുകതന്നെ ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തു എന്ന് ഗഡ്കരി പറയുമ്പോഴും, തന്റെ ഇടപെടല്‍ മൂലമാണ് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതെന്ന രീതിയില്‍ പ്രതികരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കഴിഞ്ഞ ദിവസം ഇതേ സംബന്ധിച്ച് ഗഡ്കരിക്ക് കത്ത് കൊടുത്തിരുന്നു എന്നും, കേരളത്തെ ഒഴിവാക്കുന്ന പ്രശ്നമില്ലെന്നും, മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ കേരളത്തിലെ ദേശീയപാതാ വികസനം നടക്കുമെന്നും ഗഡ്കരി തനിക്ക് ഉറപ്പു നല്‍കിയെന്നാണ് കണ്ണന്താനം പ്രതികരിച്ചത്. കേരളത്തെ ഒഴിവാക്കിയ ആദ്യ കേന്ദ്ര വിജ്ഞാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വിവാദമായ കത്തിന് യാതൊരുവിധ ബന്ധവുമില്ല എന്നും കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിനയച്ച കത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഏറെ പഴികേള്‍ക്കേണ്ടി വന്നു പിള്ളയ്ക്ക്. ഗാഡ്കരിയുടെ പുതിയ പ്രസ്താവന വന്നത് പിള്ളയ്ക്ക് ആശ്വാസമായി. തന്നെ താറടിച്ചു കാണിച്ച തോമസ് ഐസക്കിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് പിള്ള.

പുതിയ ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. അല്‍ഫോന്‍സ് കണ്ണന്താനം ഇടപെട്ടു എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല, എന്നിരുന്നാലും ഇടപെട്ടുവെങ്കില്‍ നല്ല കാര്യമാ എന്നും മന്ത്രി പറഞ്ഞു.