‘മോഡി ഭരണം അവസാനിക്കും’: ടിആര്‍എസ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കും


തിരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തകൃതിയില്‍ നടക്കുകയാണ്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകായാണ് കോണ്‍ഗ്രസ് പാളയത്തില്‍.

ബിജെപിക്കൊപ്പം നില്‍ക്കുമോ എന്ന് സംശയിച്ചിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് കോണ്‍ഗ്രസിന്റെ കരങ്ങള്‍ക്ക് ശക്തി പകരുമെന്നതാണ് പുതിയ സാഹചര്യം. റാവുവിന്റെ വിശ്വസ്തനും പ്രമുഖ ടിആര്‍എസ് നേതാവുമായ വിനോദ് കുമാറാണ് ഇത് അംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കോണ്‍ഗ്രസ് 100ല്‍ അധികം സീറ്റുകള്‍ നേടുകയും ബിജെപി 170ല്‍ താഴെ സീറ്റില്‍ ഒതുങ്ങുകയും ചെയ്യുമെന്നും, അതോടെ 1996ല്‍ സംഭവിച്ച പോലെ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേല്‍ക്കുമെന്നും വിനോദ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചന്ദ്രശേഖര റാവുവും വിനോദ് കുമാറും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെഡറല്‍ മുന്നണി സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനിടെ നടന്നു.

കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന് ടിആര്‍എസ് സൂചിപ്പിച്ചുവെങ്കിലും, 120ല്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയാല്‍ എസ്പി, ബിഎസ്പി, തൃണമൂല്‍, സിപിഎം, ടിഡിപി, ടിആര്‍എസ്, ഡിഎംകെ, ആപ് എന്നിവരുടെ പിന്തുണയുടെ തന്നെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍.