ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചെന്ന് ശ്രീധരന്‍ പിള്ള
തോമസ് ഐസക്ക് പരസ്യമായി മാപ്പു പറയണം എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചു. ഐസക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിള്ള പറഞ്ഞു.
എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു. കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതിനു പിറകെ, കേരളത്തിലെ ദേശീയപാത വികസനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതിനു പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച ശ്രീധരന്‍പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കുകയും സാമൂഹ്യമായി ബഹിഷ്‌കരിക്കുകയും ചെയ്യണമെന്ന് തോമസ് ഐസക്ക് വിമര്‍ശിച്ചിരുന്നു.
തോമസ് ഐസക്കിന്റെ ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് താനും ബി ജെ പിയും ഒരവസരത്തിലും എതിര്‍ത്തിട്ടില്ല. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പിള്ള പറയുന്നു. താന്‍ കത്ത് അയച്ചത് ശെരിയാണ്, എന്നാല്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ മാറ്റിയത് തന്റെ കത്തിന്റെ പേരില്‍ അല്ല, അത് ഭരണപരമായ തീരുമാനമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.