123 കോടി ജനങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് സുപ്രീം കോടതി


‘രാജ്യത്തെ 123 കോടി ജനങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും?’
രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ചുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി സ്വമേധയാ ബ്രിട്ടീഷ് പോരത്വം എടുത്തെന്നും, അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ ചന്ദര്‍ പ്രകാശ് ത്യാഗി, ജയ് ഭഗവാന്‍ ഗോയല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് തള്ളി.

രാഹുല്‍ ഗാന്ധി അമേഠിയിലും വായനാട്ടിലുമായി രണ്ടു ലോക് സഭാ സീറ്റില്‍ മത്സരിക്കുന്നത് പ്രധാനമന്ത്രിയാകണം എന്ന ലക്ഷ്യത്തോടെയാണെന്നും, പൗരത്വം സംബന്ധിച്ച് ഒരു തീര്‍പ്പാകുന്നതുവരെ രാഹുലിനെ മത്സരിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജ്യത്തെ 123 കോടി ജനങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഹര്‍ജിക്കാരോട് ചോദിച്ചു.

ബ്രിട്ടീഷ് കമ്പനിയായ ബാക്കോപ്‌സ് ലിമിറ്റഡിന്റെ ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണുള്ളത് എന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു. ഏതെങ്കിലും കമ്പനി അവരുടെ രേഖകളില്‍ അങ്ങിനെ പറഞ്ഞു എന്ന് കരുതി രാഹുല്‍ ബ്രിട്ടീഷുകാരാനാകില്ല എന്ന് രൂക്ഷമായ ഭാഷയില്‍ ഹര്‍ജിക്കാര്‍ വിമര്‍ശിച്ചുകൊണ്ടാണ് മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളിയത്.