കര്‍ശന ഉപാധികള്‍; പൂരവിളംബരം ചെയ്യാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും

കര്‍ശന ഉപാധികളോടെ തൃശൂര്‍ പൂര വിളിംബരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ അനുമതി. പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്. നാല് പാപ്പാന്‍മാരുടെ സംരക്ഷണത്തില്‍ വേണം ആനയെകൊണ്ടുവരാന്‍. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമേ ഉപയോഗിക്കാവു. ഒമ്പതര മുതല്‍ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാന്‍ അനുമതി ഉള്ളു എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ മെഡിക്കല്‍ സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തൃപ്തികരമാണെന്നാണ് പരിശോധിച്ച മൂന്നംഗ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെ പൂര വിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ തെച്ചിക്കോട്ട് രാമചന്ദ്രന്നെ മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം പരിശോധിച്ചത്. പരിശോധന ഒരു മണിക്കൂര്‍ നീണ്ടു നിന്നു.

ആനയെ ഒന്നര മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കണം എന്ന ഉടമകളുടെ ആവശ്യം സമിതി തള്ളി. മണികണ്ഠനാല്‍ മുതല്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവും അനുവദിച്ചില്ല. ക്ഷേത്രപരിസരത്തെ ചടങ്ങിന് മാത്രമേ ആനയെ ഉപയോഗിക്കാനാകൂ. ആനയുടെ പരിസരത്ത് ആളുകള്‍ എത്തുന്നത് തടയാന്‍ ബാരിക്കേടോ മറ്റ് നിയന്ത്രണ സംവിധാനങ്ങളോ ഏര്‍പ്പെടുത്തണം. കൂട്ടാനകളെ കുത്തിയ ചരിത്രവുമുള്ള ആന ആയതുകൊണ്ട് കര്‍ശന സുരക്ഷാ സംവിധാനങ്ങളാകും ഏര്‍പ്പെടുത്തുക.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കൊലപാതകങ്ങളും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആനപ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.