മാര്‍ത്തോമാ യോഗം: സമാപന സമ്മേളനവും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവചരിത്ര സെമിനാറും സംഘടിപ്പിച്ചു
റോം: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിനു മുന്നോടിയായി മാര്‍ത്തോമാ യോഗവും ഹോളി ഫാമിലി സിസ്റ്റേഴ്‌സും സംയുക്തമായി വാ. മറിയം ത്രേസ്യയുടെ ജീവിതത്തെക്കുറിച്ചുള്ള ഏകദിന ദൈവശാസ്ത്ര സെമിനാര്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ചു.
സീറോ മലബാര്‍ സഭയുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ നടപടിയുടെ പോസ്റ്റുലേറ്ററായ ഫാ. ബെനഡിക്റ്റ് Ofm. Cap., ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ വികാര്‍ ജനറല്‍ സി. പുഷ്പ CHF എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് റെക്ടര്‍ ഫാ. സണ്ണി കൊക്കരവലയില്‍ മോഡറേറ്റര്‍ ആയിരുന്ന സെമിനാറില്‍ ഹോളി ഫാമിലി സുപ്പീരിയര്‍ ജനറല്‍ സി. ഉദയ CHF , മാര്‍ത്തോമാ യോഗം പ്രസിഡന്റ് Fr. നൗജിന്‍ വിതയത്തില്‍, വൈസ് പ്രസിഡന്റ് സി. ജയിന്‍ ജോസ് CSN എന്നിവര്‍ പ്രസംഗിച്ചു. മാര്‍ത്തോമ യോഗത്തിന്റെ പ്രഥമ മാഗസിന്‍ ‘Vox Marthoma’, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രതിനിധി ഫാ. കുര്യാക്കോസ് ചെറുപുഴതോട്ടത്തില്‍ പ്രകാശനം ചെയ്തു.