ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാളാണ് മോദി : മായാവതി
നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇപ്പോള്‍ ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും ബിഎസ്പി നേതാവ് മായാവതി. സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാളാണ് മോദി. അങ്ങനെയുള്ള മോദിക്ക് മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിക്കുന്നു.
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മോദി ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ ഇതില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ തരം താണതാണെന്നും മായാവതി പറഞ്ഞു. നേരത്തെ ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിയെ വിമര്‍ശിച്ച് മോദി രംഗത്തു വന്നിരുന്നു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി ആല്‍വാര്‍ ബലാത്സംഗക്കേസിന്റെ കാര്യത്തില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.