നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമായി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ നേതൃത്വത്തില്‍ ആരംഭിയ്ക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് ഔപചാരികമായ തുടക്കമായി. പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി രൂപീകരിയ്ക്കപ്പെട്ട ‘കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ‘ എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ദമ്മാമില്‍ വെച്ചു നടന്നു.
ദമ്മാം ഫൈസലിയ മാലിക്ക് ലയാല്‍ ഹാളില്‍ വെച്ച്, നവയുഗം കലാസാംസ്‌ക്കാരിക സംഗമസദസ്സിനെ സാക്ഷിയാക്കി, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി യും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ബെന്‍സിമോഹന്‍.ജി പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സദസ്സിന് വിശദീകരിച്ചു കൊടുത്തു.
വിജയകരമായ ഒരു പ്രഫഷണല്‍ ബിസിനെസ്സ് നടത്തി, സംരംഭകരായ പ്രവാസികള്‍ക്ക് സ്ഥിരമായ ലാഭവിഹിതം നല്‍കുക, മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലകളിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യം നാടിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടുത്തുക, കഴിവതും പ്രവാസികള്‍ക്ക് ഭാവിയില്‍ തൊഴിലോ, ജീവിതമാര്‍ഗ്ഗമോ നല്‍കി, പ്രവാസി പുനഃരധിവാസം പ്രയോഗികമാക്കുക, മായം കലര്‍ത്താത്ത കേരളത്തില്‍ത്തന്നെ പ്രകൃതിദത്തമായി ഉല്‍പ്പാദിപ്പിച്ച പാല്‍, ഇറച്ചി, മല്‍സ്യം, ബേക്കറി പലഹാരങ്ങള്‍, വെളിച്ചെണ്ണ, തേന്‍ മുതലായ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് വില്‍ക്കുക, എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നവയുഗം ‘കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ്’ എന്ന പ്രൊഫെഷണല്‍ കമ്പനി രൂപീകരിച്ചത്.
പ്രവാസികളും, മുന്‍പ്രവാസികളും ആയ 200 ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് ആകും ഈ കമ്പനിയില്‍ നിക്ഷേപിയ്ക്കാന്‍ അവസരം ലഭിയ്ക്കുക. നിക്ഷേച്ച തുകയ്ക്ക് അനുപാതത്തില്‍ ഉള്ള ലാഭവിഹിതം ആ വ്യക്തിയ്ക്ക് കമ്പനി നല്‍കും. ഇന്ത്യന്‍ കമ്പനി നിയമങ്ങള്‍ക്കും, ചട്ടക്കൂടുകള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഈ കമ്പനി കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌ക്കരണം, വിതരണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭങ്ങള്‍ നടത്തും. കൊല്ലം ജില്ലയിലെ ആയൂര്‍ കേന്ദ്രമാക്കി 2020 ആദ്യ പാദത്തില്‍ മേല്‍പറഞ്ഞ സംരംഭങ്ങള്‍ ഉത്ഘാടനം ചെയ്യപ്പെടുന്നതായിരിയ്ക്കും.
നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0538744965, 0551329744, 0537521890, 0502803626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.