തൃശൂര്‍ പൂരത്തിന് വര്‍ണ്ണാഭമായ തുടക്കം

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. 36 മണിക്കൂര്‍ നീളുന്ന പൂരത്തിന് തുടക്കമിട്ട് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനായി തെക്കേ ഗോപുരനടയിലേക്കെത്തി. 90ഓളം ഗജവീരന്മാരാണ് പകല്‍ പൂരത്തില്‍ പങ്കെടുക്കുക. മുഖ്യ സംഘാടകരായ തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ ഇനി വരുനന് ഒരോ നിമിഷങ്ങളും വര്‍ണാഭമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പൂരം പതിവു പോലെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍. ഘടക പൂരങ്ങളുടെ വരവോടെയാണ് പൂരലഹരി ഉണരുന്നത്.

ഇലഞ്ഞിത്തറ മേളം കുടംമാറ്റം തുടങ്ങിയ ആകര്‍ഷകങ്ങളായ ചടങ്ങുകള്‍ക്ക് ശേഷം നാളെ പുലര്‍ച്ചെ ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ടിനും തേക്കിന്‍കാട് മൈതാനം സജ്ജമായി കഴിഞ്ഞു. ഘടക പൂരങ്ങളില്‍ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത്. വെയിലോ മഴയോ ഏല്‍ക്കാതെ വേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താന്‍ എന്നാണ് വിശ്വാസം.

അതിനാലാണ് വളരെ നേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്റെ പൂരം പുറപ്പെടുന്നത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്റെ ആഘോഷം കൊടുമുടിയിലെത്തും. 11 മണിയോടെയാണ് മഠത്തില്‍ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. പൂരത്തോടനുബന്ധിച്ച് സാധാരണയായി 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.