കൈരളി നികേതന്‍ സ്‌കൂളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ജോഷിമോന്‍ എറണാകേരിലിന് ആദരവ്
വിയന്ന: കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ സംഘടിപ്പിച്ച യുവജനോത്സവത്തിന്റെ സമാപനവേദിയില്‍ സ്‌കൂള്‍ ഡയറക്ടര്‍ ജോഷിമോന്‍ എറണാകേരിലിനെ ആദരിച്ചു. 20 വര്‍ഷമായി തുടരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ ചടങ്ങു സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ വിയന്നയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ ജോഷിമോനെ പൊന്നാട അണിയിച്ചു. തുടര്‍ന്ന് വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി മിമെന്റ്റോ നല്‍കി. കഴിഞ്ഞ രണ്ടു ദശാബ്ദമായി യാതൊരു പ്രതിഫലവും വാങ്ങാതെ വിയന്നയിലെ മലയാളം സ്‌കൂളില്‍ പ്രവര്‍ത്തിച്ച ജോഷിമോന്‍ നല്‍കിയ സേവനങ്ങളെ സഹപ്രവര്‍ത്തകര്‍ പ്രശംസിച്ചു.
മറുപടി പ്രസംഗം നടത്തിയ ജോഷിമോന്‍ കൈരളി നികേതന്‍ സ്‌കൂളിന്റെ ആരംഭ ചരിത്രം അനുസ്മരിച്ചു. 1992ല്‍ അന്നത്തെ ചാപ്ലയിന്‍ ആയിരുന്ന ഫാ. ചാണ്ടി കളപ്പുരയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌കൂള്‍ ഇന്ന് ഇരുപത്തിഏഴ് വര്‍ഷം പിന്നിട്ടതായി പറഞ്ഞു. സ്‌ക്കൂളിലെ ആദ്യത്തെ മലയാളം അദ്ധ്യാപകന്‍ ആന്റണി പുത്തന്‍പുരയില്‍ ആയിരുന്നെന്നും ആദ്യത്തെ പി.ടി.എ കമ്മിറ്റി 1993ല്‍ നിലവില്‍ വന്നെന്നും ജോഷിമോന്‍ അനുസ്മരിച്ചു.
ആദ്യകാലം തുടങ്ങി സ്‌ക്കൂളിന്റെ പ്രസിഡന്റ് ആയിരുന്ന ആന്റണി പുത്തെന്‍പുരക്കല്‍, അബ്രഹാം കുരുട്ടുപറമ്പില്‍, വില്‍സണ്‍ കോലാംങ്കണ്ണി, ജോര്‍ജ് പേഴുംക്കാട്ടില്‍, ബോബി കാഞ്ഞിരത്തുംമൂട്ടില്‍, തോമസ് മുളയ്ക്കല്‍, മാത്യു മരങ്ങാട്ടില്‍, ജോര്‍ജ് കുഴിയില്‍ എന്നിവരെയും, വിയന്നയില്‍ സേവനം ചെയ്ത വൈദികരായ ഫാ. ജോണ്‍ നിരപ്പേല്‍, ഫാ. ജോര്‍ജ് കൊച്ചുകരോട്ട്, ഫാ. സാജു ശരത്, ഫാ. തോമസ് വടാതുമുകളേല്‍, ഫാ. ജോയി പ്ലാത്തോട്ടത്തില്‍ എന്നിവരെയും അദ്ദേഹം ഓര്‍മ്മിച്ചു.