പ്രതാപന്റെ ആശങ്ക: കണക്കുകള്‍ തുണയ്ക്കുന്നത് എല്‍ഡിഎഫിനെയോ?


ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്ന് തൃശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും തൃശൂര്‍ ഡിസിസി പ്രസിഡന്റുമായ ടി എന്‍ പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും. തിരുവനന്തപുരത്ത് ഇന്ന് നടന്ന കെപിസിസി തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന നേതൃയോഗത്തിലാണ് പ്രതാപന്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.

അപ്രതീക്ഷിതമായ അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്, സവര്‍ണ്ണ ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍എസ്എസ് ആണ് മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. നായര്‍ വോട്ടുകളില്‍ ശക്തമായ ഏകീകരണം അതുകൊണ്ടു തന്നെ സംഭവിച്ചിട്ടുണ്ട്.

പ്രതാപന്റെ ആശങ്കകള്‍ സൂചിപ്പിക്കുന്നത് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി വിജയിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നാണ്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുമ്പോള്‍ യുഡിഎഫിനാണ് നഷ്ടമുണ്ടാകുന്നത്.
പരമ്പരാഗത ക്രൈസ്തവ-മുസ്ലിം പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചാലും, ഈ വിഭാഗത്തിലെ യുവാക്കളുടേതുള്‍പ്പടെ അധികമായി പോല്‍ ചെയ്ത വോട്ടുകള്‍ എല്‍ഡിഎഫ് സ്തനാര്‍ത്ഥി രാജാജി മാത്യുവിന് ഗുണം ചെയ്‌തേക്കാം. അങ്ങിനെയെങ്കില്‍ രാജ്യത്തു സിപിഐക്കുള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ സാധിക്കും.


2014ല്‍ 38227 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപിഐയുടെ സിഎന്‍ ജയദേവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ധനപാലനെ തോല്‍പിച്ചത്. അന്ന് ബിജെപിയെ കൂടാതെ ആപ് സ്ഥാനാര്‍ത്ഥിയായി പ്രശസ്ത എഴുത്തുകാരി സാറാ ജോസഫും മത്സരരംഗത്തുണ്ടായിരുന്നു. സാറ ജോസഫ് അന്ന് നേടിയത് 44,600 വോട്ടുകളാണ്. ഈ വോട്ടില്‍ 30000 ത്തിലധികം ഇക്കുറി രാജാജിക്ക് ലഭിക്കും, കാരണം സാറ അന്ന് നേടിയത് ഇടത് അനുകൂല പുരോഗമനവാദികളുടെയും ക്രിസ്ത്യാനികളുടെയും വോട്ട് ആണ്.

2014 നേക്കാള്‍ 5.7% വോട്ടുകളാണ് ഇപ്പോള്‍ അധികമായി പോള്‍ ചെയ്തത്. കഴിഞ്ഞ തവണ 72.15% ഇക്കുറി 77.86%, ഏകദേശം 75000 ത്തില്‍ അധികം വോട്ടുകള്‍ ഉണ്ടാകും ഇത്. 10 ലക്ഷം വോട്ടുകള്‍ ഇപ്പോള്‍ പോല്‍ ചെയ്തിട്ടുണ്ടാകാം. പ്രതാപന്‍ ആശങ്കപ്പെടുന്നതുപോലെ സംഭവിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. സുരേഷ് ഗോപി പ്രചാരണത്തിനുപയോഗിച്ച ശബരിമല വിഷയം ശക്തമായ ധ്രുവീകരണം ഉണ്ടാക്കിയിട്ടുണ്ട്. ഹിന്ദു വോട്ടുകള്‍ അധികവും വീണത് ബിജെപിക്ക് തന്നെ. 2014ല്‍ ബിജെപി നേടിയ 1,20,000 (11.15%) 2019 ആകുമ്പോള്‍ ഇരട്ടിയില്‍ അധികമായി വര്‍ദ്ധിക്കും, 20.3% വോട്ടിന്റെ വര്‍ധയാണിത്. എന്നാല്‍ അത് വിജയിക്കാന്‍ സഹായിക്കും എന്ന് ബിജെപിയും കരുതുന്നില്ല. കോണ്‍ഗ്രസിന് നഷ്ടമാകുന്ന 5.6% വോട്ടുകള്‍ എങ്കില്‍ സിപിഐക്ക് 8.7% വോട്ടുകള്‍ ആണ്, എന്നാല്‍ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം എല്‍ഡിഎഫിനെ സഹായിക്കുമെന്നാണ് നിഗമനം.

2014 തൃശൂര്‍ ലോക്സഭാ മണ്ഡലം ഇലക്ഷന്‍ ഫലം
സിഎന്‍ ജയദേവന്‍ (സിപിഐ) – 389,209 (42.28%)
കെപി ധനപാലന്‍ (കോണ്‍ഗ്രസ്) – 350,982 (38.13%)
കെപി ശ്രീശന്‍ (ബിജെപി) – 120,681 (11.15%)
സാറാ ജോസഫ് (എഎപി) – 44,638 (4.48%)
നോട്ട – 10,050 (1.09%)

2019 തൃശൂര്‍ ലോക്സഭാ സാധ്യതാ കണക്കുകള്‍ (പോല്‍ ചെയ്തത് 10 ലക്ഷം വോട്ട് എന്ന കണക്കില്‍)
രാജാജി മാത്യു (സിപിഐ) – 330,000 (33%)
ടി എന്‍ പ്രതാപന്‍ (കോണ്‍ഗ്രസ്) – 325,000 (32.5%)
സുരേഷ് ഗോപി (ബിജെപി) – 315,000 (31.5%)
നിഖില്‍ സി (ബിഎസ്പി) – 20,000 (2.00%)
നോട്ട – 10,000 (1.00%)