കാസര്‍ഗോഡ് ‘കൈ’വരുമെന്ന പ്രതീക്ഷയില്‍
സി.പി.എമ്മിനൊപ്പം എന്നും നിലകൊണ്ട കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായി 15 കൊല്ലമായി എം.പി യാണ് പി. കരുണാകരന്‍. ഇത്തവണ അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതോടൊപ്പം വികസന കാര്യങ്ങളില്‍ എടുത്ത് പറയത്തക്കതായി കാര്യമായ സംഭാവന ഒന്നും നല്‍കാന്‍ മുന്‍ എം.പി.ക്ക് കഴിയാതെ പോയതും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് മണ്ഡലത്തിലുടനീളം വലിയ വെല്ലുവിളി ഉയര്‍ത്തി. ഏറ്റവുമൊടുവില്‍ ജില്ലയില്‍ നടന്ന ഇരട്ടകൊലപാതകവും എല്‍ഡിഎഫിന് തിരിച്ചടിയാണ്.
മണ്ഡലത്തില്‍ ബി.ജെ.പി.ക്ക് വേരോട്ടമുണ്ടെങ്കിലും വോട്ടിങ് ശതമാനത്തില്‍ ഒരു വലിയ അട്ടിമറി നടത്താനുള്ള സാഹചര്യം നിലവിലില്ല. 2014ല്‍ ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രന് ലഭിച്ച വോട്ടുകളുടെ എണ്ണം 1,72,826 (17.74%), ഇത്തവണ രവീശ തന്ത്രി 1,50,000 വോട്ടില്‍ താഴെ ഒതുങ്ങുമെന്നാണ് നിഗമനം. ശബരിമല വിഷയം ചര്‍ച്ചയായെങ്കിലും ഹിന്ദു വോട്ടുകളുടെ ഏകീകരണം ബിജെപിക്ക് ഗുണം ചെയ്യില്ല, ഇതില്‍ ഏറിയ പങ്കും പോകുന്നത് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് തന്നെയാകും.
മുന്നണികള്‍ പ്രചാരണ വിഷയങ്ങള്‍ ഓരോന്നായി കൊണ്ടുവന്നെങ്കിലും കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ജനങ്ങള്‍ പ്രതികരിച്ചത് മൂന്ന് വിഷയങ്ങളിലാണ്.
1) കൊലപാതക രാഷ്ട്രീയം.
2) വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വരവ്.
3) ശബരിമല വിഷയം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സില്‍ നിന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏറെ വിവാദങ്ങള്‍ക്കിടയില്‍ മണ്ഡലത്തില്‍ കാല് കുത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രാദേശിക ഘടകം എതിര്‍പ്പുയര്‍ത്തിയിരുന്നു. വിജയിച്ച് വരാന്‍ ഏറെ അനുകൂല സാഹചര്യമുള്ളപ്പോള്‍ നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി തങ്ങള്‍ക്ക് വേണ്ടാ എന്നതായിരുന്നു ജില്ലാ നേതാക്കളുടെ വാദം, എന്നാല്‍ പ്രചരണം നിര്‍ത്തി വെച്ച് പ്രതിരോധം സൃഷ്ടിച്ച രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രകടനം ഫലം കണ്ടു. മണ്ഡലത്തിലുടനീളം കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണം അഴിച്ച് വിട്ട് ഉണ്ണിത്താന്‍ കത്തി കയറിയതിനൊപ്പം തൊട്ടടുത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തു.
കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലും, മണ്ഡലത്തിലെ വികസനമില്ലായ്മയുടെ പേരിലും എല്‍ഡിഎഫിന് നഷ്ടമാകുന്ന വോട്ടുകളും ശബരിമല വിഷയവും ദുര്‍ബലമായ ബിജെപി പ്രചാരണവും രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് നിന്നും ലോക്സഭയിലേക്ക് എത്തിക്കും. 25000 ത്തിനും 35000 ത്തിനും ഇടയിലാകും ഭൂരിപക്ഷം. പോളിങ് ശതമാനത്തില്‍ വര്‍ദ്ധനവ് കണക്കിലെടുത്താല്‍ ഏകദേശം 30,000 വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടുണ്ടാകണം.
2014 കാസര്‍ഗോഡ് ലോക്‌സഭാ ഇലക്ഷന്‍ ഫലം
പി കരുണാകരന്‍ (സിപിഎം) – 384,964 (39.52%)
ടി സിദ്ദിഖ് (കോണ്‍ഗ്രസ്) – 378,043 (38.80%)
കെ സുരേന്ദ്രന്‍ (ബിജെപി) – 172,826 (17.74%)
നോട്ട – 6,103 (0.63%)
2019 കാസര്‍ഗോഡ് ലോക്‌സഭാ സാധ്യതാ കണക്കുകള്‍ (പോല്‍ ചെയ്തത് 10 ലക്ഷം വോട്ട് എന്ന കണക്കില്‍)
രാജ്മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്) – 420,000 (42%)
കെപി സതീഷ് ചന്ദ്രന്‍ (സിപിഎം) – 380,000 (38%)
രവീശ തന്ത്രി (ബിജെപി) – 170,000 (17%)
ബഷീര്‍ ആലടി (ബിഎസ്പി) – 5,000 (0.05%)
നോട്ട – 10,000 (1%)