സുരേഷ് ഗോപിയോ സുരേന്ദ്രനോ വീണാല്‍ പിള്ളയുടെ കസേര ഇളകും


തൃശ്ശൂരില്‍ ജയിക്കുമെന്ന് സുരേഷ് ഗോപിക്ക് പോലും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. അതിന് കാരണമായി സുരേഷ് തന്നെ പറയുന്നത്, തനിക്ക് ലഭിച്ച സമയമാണ്. ആകെ 17 ദിവസാണ് സുരേഷ് ഗോപിക്ക് പ്രചരണത്തിന് ലഭിച്ചത്. ഇതിന് കാരണമായി പറയപ്പെടുന്നത് ആത്യന്തികമായി ശ്രീധരന്‍പിള്ളയുടെ കടുംപിടുത്തം ആയിരുന്നു എന്നാണ്. പത്തനംതിട്ട സീറ്റിനുവേണ്ടി ശ്രീധരന്‍പിള്ള തന്നെ നടത്തിയ വടംവലിയാണ് തത്വത്തില്‍ പത്തനംതിട്ടയിലും തൃശൂരിലും ബിജെപിയെ പ്രചരണത്തില്‍ പിറകോട്ട് അടിച്ചത് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വിലയിരുത്തല്‍.

സുരേന്ദ്രനോ സുരേഷ് ഗോപിയോ ഈ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചിട്ടില്ല എങ്കിലും ഇലക്ഷന്‍ റിസള്‍ട്ട് വരുന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. പത്തനംതിട്ടയിലും തൃശ്ശൂരിലും ഇനി അഥവാ ബിജെപി അത്ഭുതകരമായി വിജയിച്ചാല്‍ പോലും ശ്രീധരന്‍പിള്ളയ്ക്ക് നേരെയുള്ള ആക്രമണത്തിന് മൂര്‍ച്ച കുറയാന്‍ സാധ്യതയില്ല.
ഒരു പാര്‍ട്ടി പ്രസിഡന്റ് പദവിക്ക് ചേരാത്ത നിലയിലുള്ള സ്വാര്‍ത്ഥത പരസ്യമായി പ്രകടിപ്പിച്ചു എന്നതാണ് ശ്രീധരന്‍പിള്ളയ്ക്ക് നേരെ ഉന്നയിക്കാന്‍ സാധ്യതയുള്ള ഏറ്റവും അപകടകരമായ ആരോപണം.