ഫേസ്ബുക്കിനെയും കടത്തി വെട്ടി ടിക് ടോക് കുതിക്കുന്നു

സോഷ്യല്‍ മീഡിയയിലെ ഒന്നാമന്‍ ആയ ഫേസ്ബുക്കിനെ കടത്തിവെട്ടി ടിക് ടോക്ക് . ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു.

കോടതിയുടെ ഇടപെടല്‍ പോലും ആപ്പിന്റെ ജനപ്രിയത കുറച്ചിട്ടില്ല. യുവാക്കളും മുതിര്‍ന്നവരും പാട്ടും ഡാന്‍സുമായി ടിക് ടോക്കില്‍ ആഘോഷിക്കവേയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് കര്‍ശന ഉപാധികളോട് കൂടി വിലക്ക് പിന്‍വലിച്ചു. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ടിക് ടോക്ക് ജനപ്രിയമാകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കല്ല മറിച്ച് ടിക് ടോക്കാണ്. 1.88 കോടി പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്.

ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതാകട്ടെ 1.76 കോടി പേരും. ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 41 ശതമാനം ഇന്ത്യയില്‍ നിന്നാണ്. അതേസമയം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 21 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

ഫേസ്ബുക്കിന്റേത് പോലെ ടിക് ടോക്കിന് വെബ് പതിപ്പില്ലാത്തത് ടിക് ടോക്കിന് ഗുണകരമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വെബ് പതിപ്പില്ലാത്തത് ടിക് ടോക്ക് ഡൗണ്‍ലോഡിന്റെ എണ്ണം വര്‍ധിക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സ്റ്റാറ്റിസ്റ്റയാണ് കണക്ക് പുറത്തുവിട്ടത്. 2016 ല്‍ പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്ത ആപ്പാണ് ടിക് ടോക്ക്.