സൗദി ; മോഷണം നടത്തിയ മലയാളിയുടെ കൈ വെട്ടാൻ കോടതിവിധി
സൗദിയില്‍ മോഷണം നടത്തിയ മലയാളിയുടെ കൈ വെട്ടാന്‍ കോടതിവിധി. അബഹയില്‍ റസ്റ്റോറന്റ് ജീവനക്കാരനായ യുവാവാണ് കേസില്‍പ്പെട്ടത്. മോഷണം കുറ്റം തെളിഞ്ഞതോടെ ശരീഅത്ത് നിയമപ്രകാരമാണ് വിധി വന്നിരിക്കുന്നത്. അപ്പീലിന് പോകാന്‍ പ്രതിക്ക് ഒരാഴ്ചത്തെ കൂടി സമയമുണ്ട്.ശരീഅത്ത് നിയമപ്രകാരം പ്രതിയുടെ വലത്തേ കൈപ്പത്തി വെട്ടിമാറ്റാനാണ് വിധി.
ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവാണ് കേസിലെ പ്രതി. സൗദിയിലെ അബഹയില്‍ യുവാവ് ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ കാണാതായിരുന്നു. അന്വേഷണത്തില്‍ യുവാവാണ് പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇയാള്‍ കുറ്റം ഏറ്റു പറയുകയും മോഷ്ടിച്ച പണം ഇയാളില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ ഖമീഷ് മുശൈത്തിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
തടവില്‍ കഴിയുന്ന പ്രതിക്ക് റമദാന്‍ പതിനേഴിനുള്ളില്‍ അപ്പീലിന് പോകാന്‍ അവസരമുണ്ട്. നാട്ടിലെ കുടുംബത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അസീറിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ യുവാവിന് നിയമസഹായം നല്‍കാന്‍ രംഗത്തുണ്ട്. ആറു വര്‍ഷമായി ഈ റസ്റ്റോറന്റിലെ ജീവനക്കാരനാണ് പ്രതി.
ഇതേ റസ്റ്റോറന്റില്‍ നേരത്തെ ജോലി ചെയ്തിരുന്ന സുഹൃത്ത് ഇരുപത്തിനാലായിരം റിയാല്‍ സ്പോണ്‍സര്‍ക്ക് നല്‍കാന്‍ ഉണ്ടായിരുന്നു. ഈ ഇടപാടിന് പ്രതി ജാമ്യം നിന്നിരുന്നതായി പറയപ്പെടുന്നു. സുഹൃത്ത് പണം തിരിച്ചടക്കാത്തതിനാല്‍ സ്പോണ്‍സര്‍ ഈ തുക പ്രതിയില്‍ നിന്നും ഈടാക്കി. ഇതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് യുവാവ് പറയുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷമായിരുന്നു യുവാവ് മോഷണക്കേസില്‍പ്പെട്ടത്.