മലപ്പുറത്ത് ആശുപത്രിയില്‍ ബാംഗ്ലൂര്‍ യുവാവിനെ കെട്ടിയിട്ട് കാറും പണവും അപഹരിച്ചു


ബാംഗ്ലൂര്‍ സ്വദേശിയായ മധു വരസ എന്ന യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് കാറും സ്വര്‍ണ്ണവും പണവും ഒരു സംഘം കവര്‍ന്നു. 13 പവന്‍ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും കാറുമാണ് തട്ടിയെടുത്തത്.

ആദില്‍ യാഷിദ് എന്ന വ്യക്തി ഉള്‍പ്പടെ അഞ്ചു പേരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഈ പ്രതികളുടെ സുഹൃത്താണ് മധു വരസ എന്നും പോലീസ് പറയുന്നു. മലപ്പുറത്തെ ഒരു ആശുപത്രി ഉടമയുടെ മകനാണ് മുഖ്യ പ്രതിയായ ആദില്‍. ബാംഗ്ലൂര്‍ നിന്നും മലപ്പുറത്ത് എത്തിച്ച ശേഷം മധു വരസയെ ആദിലും സംഘവും ആശുപത്രി മുറിയില്‍ ബന്ദിയാക്കിയ ശേഷമാണ് മോഷണം നടത്തിയത്. മധുവിന്റെ കാര്‍ ആശുപത്രിക്കുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. അടിക്കും മധുവും തമ്മിലുള്ള പണമിടപാടുകളാണ് ഇതിലേക്ക് നയിച്ചത് എന്നും സംശയിക്കുന്നു.