ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇര അട്ടപ്പാടിയിലെ മധുവിന്റെ പെങ്ങള്‍ കാക്കിയണിഞ്ഞു


ചന്ദ്രിക കാക്കിയണിയുന്ന അഭിമാന നിമിഷം കാണാന്‍ ചന്ദ്രികയുടെ അമ്മ മല്ലിയും സഹോദരിയും ബന്ധുക്കളും ഒപ്പം നാട്ടുകാരുമെത്തി. പാസിംഗ് ഔട്ട് പരേഡ് കഴിഞ് അമ്മയുടെയും സഹോദരിയുടെയും അടുക്കല്‍ വന്ന് അമ്മയുടെ കാവില്‍ ചുംബനം നല്‍കി ചന്ദ്രിക. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്കിടയിലും നേട്ടത്തിന്റെ സന്തോഷം ആ കുടുംബത്തെ ആശ്വസിപ്പിച്ചു കാണണം. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധു ഇന്നും മലയാളിയെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്. ഒന്നേകാല്‍ വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2018 ഫെബ്രുവരി 23 നാണ് സ്വയം പ്രബുദ്ധരെന്ന് വിശേഷിപ്പിക്കുന്ന മലയാളി സമൂഹത്തിന് തീരാ കളങ്കം തീര്‍ത്ത ദാരുണമായ ആ സംഭവം നടന്നത്. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മധുവിന്റെ സഹോദരിയായ ചന്ദ്രികയ്ക്കു ജോലി വാഗ്ദാനം ചെയ്തിരുന്നു.

ചന്ദ്രിക ഉള്‍പ്പെടെ 74 ആദിവാസി യുവജനങ്ങളാണ് ബുധനാഴ്ച കേരള പോലീസിന്റെ ഭാഗമായിയത്. ഒന്‍പതു മാസത്തെ പരിശീലനത്തിന് ശേഷമാണ് ഇവര്‍ പാസിങ് ഔട്ട് പരേഡ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പരിശീലന ഘട്ടത്തില്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പ്രത്യേക പരിഗണന തനിക്ക് നല്കിയിരുന്നുവെന്ന് ചന്ദ്രിക പറഞ്ഞു. ചന്ദ്രികയ്ക്ക് രണ്ടു വയസുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു, തുടര്‍ന്ന് വളരെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിനിടയിലും അമ്മ മല്ലി മൂന്നു മക്കളെയും പഠിപ്പിച്ചു. ചന്ദ്രിക ബികോം ബിരുദധാരിയാണ്.