പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

സഖ്യ കക്ഷികളെ കൂടെ നിര്‍ത്താന്‍ പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്‍ഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. സഖ്യനീക്കങ്ങളില്‍ ചലനമുണ്ടാക്കാവുന്ന നിര്‍ണായക പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല – ഗുലാം നബി ആസാദ് പറഞ്ഞു. താന്‍ തന്നെ പ്രധാനമന്ത്രിയാകുമെന്നും മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി പ്രചാരണം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെത്തന്നെയാണ് പാര്‍ട്ടി നിലപാട് പറയാന്‍ രാഹുല്‍ തെരഞ്ഞെടുത്തതെന്നതാണ് ശ്രദ്ധേയം. ”ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മള്‍.

പ്രചാരണത്തിനിറങ്ങിയ എനിക്ക് മനസ്സിലായത് എന്‍ഡിഎയോ ബിജെപിയോ അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്. നരേന്ദ്രമോദി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാകില്ല. എന്‍ഡിഎ – ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഇനി അധികാരത്തില്‍ വരും”, ആസാദ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കേ പിടിവാശികളില്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ സഖ്യകക്ഷികള്‍ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കൂടെക്കൂട്ടാതെ മത്സരിച്ച എസ്പി – ബിഎസ്പി മഹാസഖ്യത്തിനും സഖ്യത്തിന് വിസമ്മതിച്ച ആം ആദ്മി പാര്‍ട്ടിക്കും ഉള്ള സന്ദേശമാണിത്.

നേരത്തേ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടാക്കാനായാല്‍ രാഹുല്‍ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തതാണ്.

എന്നാല്‍ എന്‍സിപി നേതാവ് ശരദ് പവാറാകട്ടെ, മമതാ ബാനര്‍ജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാന്‍ യോഗ്യരെന്നാണ് അഭിപ്രായപ്പെട്ടത്. ദക്ഷിണേന്ത്യയിലാകട്ടെ ഫെഡറല്‍ മുന്നണി നീക്കവുമായി സജീവമായി കെസിആര്‍ യാത്ര തുടരുകയാണ്. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ സഖ്യമില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞതിനെ കെസിആര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുമില്ല. തൂക്ക് സഭ വന്നാല്‍ ഉപപ്രധാനമന്ത്രി പദമാണ് കെസിആറിന്റെ ലക്ഷ്യമെന്നാണ് സൂചന.