സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന്റെ വിവരങ്ങള്‍ രഹസ്യമെന്ന് കേന്ദ്രം

സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ വിവരങ്ങളും കേസുകളും സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രത്തിന്റെ മറുപടി. ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്റും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറിയെന്നും കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന് ലഭിച്ച കള്ളപ്പണക്കേസുകളും ഒപ്പം വ്യക്തികളുടെയും കമ്പനികളുടെ വിവരങ്ങളുമാണ് പിടിഐ വിവരാവകാശ അപേക്ഷയില്‍ ചോദിച്ചത്.

ഒപ്പം കള്ളപ്പണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. 2017 ഡിസംബറില്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ വിവരങ്ങളും വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിരുന്നു.

അത് പ്രകാരം ഫ്രാന്‍സില്‍ നിന്ന് നടപടിയെടുക്കേണ്ട 427 എച്ച് എസ് ബി സി ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന വിവരങ്ങളാണ് ലഭിച്ചത്. 8,465 കോടി രൂപയാണ് അനധികൃതമായി നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ 162 കേസുകളിലായി 1,291 കോടി രൂപ പിഴയായി ഈടാക്കിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

വാര്‍ത്താ ഏജന്‍സിയായ പിടിഐ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ഏറെ രഹസ്യ സ്വഭാവമുള്ളതാണെന്നും പുറത്ത് വിടാനാവില്ലെന്നും കേന്ദ്ര ധനമന്ത്രാലയം മറുപടി നല്‍കിയത്.