സോഷ്യൽ മീഡിയയിൽ ഗാന്ധിയെ മുഖചിത്രമാക്കി കോണ്‍ഗ്രസ്
കമല്‍ ഹാസന്‍ തുടങ്ങി വെച്ച വിവാദം രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്ന അവസ്ഥയാണ് ഇപ്പോള്‍. രാജ്യത്തെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെ ആണെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞത് . ഇതിനു പിന്നാലെ മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് നിരവധി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ രംഗത്ത് വന്നു.
അനന്ദ് കുമാര്‍ ഹെഗ്‌ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കട്ടീല്‍ തുടങ്ങിയവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു. മഹാത്മാഗാന്ധിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനില്‍ സൗമിത്രയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു പ്രഗ്യ സിങ് ഠാക്കൂര്‍ പറഞ്ഞത്. പിന്നീട് ഇത് പിന്‍വലിച്ചെങ്കിലും വലിയ വിമര്‍ശനങ്ങള്‍ പിന്നാലെ വന്നു.
ഇതോടെ പരസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇവരെയെല്ലാം തള്ളിപ്പറയേണ്ടി വന്നു. വിഷയത്തില്‍ അതിശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം മഹാത്മ ഗാന്ധിയെ മുഖചിത്രമാക്കിയിരിക്കുകയാണ്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഗോഡ്-കെ സ്‌നേഹികളല്ല (ദൈവസ്‌നേഹികളല്ല) ഗോഡ്-സെ സ്‌നേഹികളാണെന്ന് വെളിപ്പെട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.