ജര്‍മനിയില്‍ പുതിയ വിദേശ കുടിയേറ്റ നിയമത്തിന് കളമൊരുങ്ങുന്നു
കൈപ്പുഴ ജോണ്‍ മാത്യു
ബര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷ അവസാനം പ്രാബല്യത്തിലെത്തുന്ന പുതിയ വിദേശ കുടിയേറ്റ നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തുടക്കമായി. പുതിയ ബില്ലിലെ കരട്രേഖ പാര്‍ലമെന്റില്‍ തൊഴില്‍ മന്ത്രി ഹുബര്‍ട്ടൂസ് ഹൈല്‍ (HUBERTUS HEIL) അവതരിപ്പിച്ചു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി ജര്‍മനിയില്‍ നിലനിന്നിരുന്ന വിദേശ കുടിയേറ്റ നിയമമാണ് വഴി മാറുന്നതെന്ന് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജര്‍മനിക്ക് ആവശ്യം പന്ത്രണ്ട് ലക്ഷം വിദഗ്ധ തൊഴിലാളികളെയാണ്. വിദേശ കുടിയേറ്റം ആകര്‍ഷകമാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.
നഴ്‌സിങ്, എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇന്ന് ജര്‍മനിയില്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ക്ക് പുതിയ വിദേശ കുടിയേറ്റ നിയമം വഴി ജര്‍മനിയില്‍ തൊഴില്‍ അവസരം ലഭിക്കും.