മോദിക്ക് ക്ലീൻ ചിറ്റ് ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത

അടിക്കടി ഉണ്ടായ പെരുമാറ്റച്ചട്ട ലംഘനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷം. ഇതുമൂലം തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസ യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ലവാസ പങ്കെടുക്കില്ല. കടുത്ത അതൃപ്തിയിലാണ് അദ്ദേഹമെന്നാണ് വിവരം. കമ്മീഷന് മുന്നിലെത്തുന്ന കേസുകളുടെ അന്തിമ ഉത്തരവില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ യോഗങ്ങളില്‍ പങ്കെടുക്കുകയുള്ളൂവെന്നാണ് ലവാസ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് മെയ് നാല് മുതല്‍ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് ലവാസെ വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ പ്രധാനമന്ത്രിക്ക് നോട്ടീസ് അയയ്ക്കണമെന്നായിരുന്നു ലവാസയുടെ വാദം. ഇത് മറ്റ് അംഗങ്ങള്‍ അംഗീകരിച്ചില്ല.

മെയ് മൂന്നിന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച എല്ലാ കേസുകളിലും അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആറ് പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ച കമ്മീഷന്‍ ഇവരുടെ കാര്യത്തില്‍ മൃദു സമീപനമാണ് സ്വീകരിച്ചത് . ഇത് പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.