സഹകരണസംഘങ്ങളില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പ്രതിഷേധസമരപരിപാടികള്‍ ശക്തമാക്കും: സംയുക്തസമരസമിതി
പാലാ: മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ്, പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത നിക്ഷേപകരുടെ പ്രതിഷേധസമരപരിപാടികള്‍ ശക്തമായി തുടരുമെന്നു സംയുക്തസമരസമിതി. വിജിലന്‍സ് അന്വേഷണവും തുടര്‍നടപടികളും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സംയുക്തസമരസമിതി ആരോപിക്കുന്നു.
സഹകരണവകുപ്പ് ചട്ടം 65 അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി സര്‍ചാര്‍ജ് ചുമത്തിയെങ്കിലും തുടര്‍നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സംഘത്തില്‍ സഹകരണ ചട്ടം 68(1) പൂര്‍ത്തിയാക്കി സര്‍ചാര്‍ജ് അടയ്ക്കാന്‍ കുറ്റക്കാര്‍ക്ക് സഹകരണവകുപ്പ് കത്തയച്ചിട്ടുണ്ട്. എന്നാല്‍ നിക്ഷേപകരുടെ പണം എന്നു ലഭിക്കും എന്ന കാര്യത്തില്‍ സഹകരണവകുപ്പിന് യാതൊരു വ്യക്തതയുമില്ല.
കോടതി ഇടപെടലിലൂടെയാണ് മീനച്ചില്‍ സംഘത്തിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ചത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റര്‍ വേണ്ടത്ര ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യുന്നില്ല എന്ന് വ്യാപക ആക്ഷേപമുണ്ട്. പാലാ മാര്‍ക്കറ്റിംഗ് സംഘത്തില്‍ സഹകരണചട്ടം 68 (1) തുടര്‍നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വിജിലന്‍സ് കേസും സ്തംഭനാവസ്ഥയിലാണ് എന്നത് ആശങ്കാജനകമാണ്. വടക്കഞ്ചേരി റബ്ബര്‍ ഡിപ്പോയുമായി ബന്ധപ്പെട്ടുള്ള പരാതികളും വാര്‍ഷിക ഓഡിറ്റിംഗും ഇപ്പോഴും തീര്‍പ്പാക്കാതെ കിടക്കുന്നു. ഏതാണ്ട് 3 കോടിയോളം രൂപാ ട്രെയിഡ് എക്സ്പന്‍സ് ആയി എഴുതിത്തള്ളാനുള്ള തീരുമാനം ഭരണസമിതിയുടെ തീരുമാനം ദുഷടലാക്കോടുകൂടിയുള്ളതാണ്. എങ്കിലും സഹകരണവകുപ്പ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല.
കുട്ടികളുടെ വിദ്യാഭ്യാസവും ആശുപത്രിച്ചിലവുകളും ദൈനംദിന ആവശ്യങ്ങള്‍ക്കും പണമില്ലാതെ നിക്ഷേപകര്‍ നട്ടംതിരിയുകയാണ് ഏതാണ്ട് 5 വര്‍ഷത്തോളമായി നിക്ഷേപകര്‍ സമരസമിതിയുമായി മുമ്പോട്ടുപോയെങ്കിലും പണം ലഭിക്കാത്തത് വമ്പിച്ച പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മീനച്ചില്‍ സംഘത്തിന്റെ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നിക്ഷേപകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും ചിറ്റമ്മനയമാണ് അഡ്മിനിസ്ട്രേറ്റര്‍ക്ക്. നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് കര്‍ഷകജനതയോടുള്ള ആത്മാര്‍ത്ഥത പ്രകടിപ്പിക്കാനുള്ള അവസരമായി എല്ലാവരും കാണണമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
മദ്ധ്യതിരുവിതാംകൂറില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് സംഘങ്ങളായിരുന്നു ഇവ. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും ഭരണതുടര്‍ച്ചയുമാണ് ഈ സംഘങ്ങളെ നശിപ്പിച്ചത് എന്ന് വിവിധ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എങ്കിലും ഇപ്പോഴും സഹകരണവകുപ്പിലെ ചില ഉദ്യോഗസ്ഥരും രണ്ട് സംഘങ്ങളിലെയും സര്‍ചാര്‍ജ് ചുമത്തപ്പെട്ട കുറ്റക്കാരുമായി ഗുഢബന്ധങ്ങള്‍ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടു സംഘങ്ങളിലെയും പ്രശ്നം സമയബന്ധിതമായി പരിഹരിച്ച് സഹകരണമൂല്യങ്ങളും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും സമരസമിതിനേതാക്കള്‍ അവകാശപ്പെട്ടു.
സംയുക്തസമരസമിതി നേതാക്കളായ അഡ്വ.കെ.സി.ജോസഫ്, ചെറിയാച്ചന്‍ മനയാനി, ഫിലിപ്പ് ഇടച്ചേരിത്തടത്തില്‍, മാനുവല്‍ കരിമ്പനയ്ക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാം (8111963408, 8086384319, 9495873737)