യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഓസ്ട്രിയ സര്‍ക്കാരിനെ പിടിച്ചുലച്ച് ഒളികാമറ വിവാദം
വിയന്ന: ഒളികാമറ വിവാദത്തില്‍ കുടുങ്ങി ഓസ്ട്രിയന്‍ സര്‍ക്കാര്‍. വിവാദത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ തീവ്രവലതുപക്ഷ മുഖമായ ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹൈന്‍സ് ക്രിസ്റ്റിയന്‍ സ്ട്രാഹെ രാജിവെച്ചു. പുതിയ സാഹചര്യം തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഒളികാമറ വിവാദം ഓസ്ട്രിയയെ പിടിച്ചുകുലുക്കിയത്. തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായം നല്‍കിയതിന് പ്രതിഫലമായി റഷ്യക്കാരിക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനുപിന്നാലെയാണ് രാജി. ജര്‍മന്‍ വാരികയായ ദെര്‍ സ്പീഗലും ദിനപ്പത്രവുമാണ് വിഡിയോ പുറത്തുവിട്ടത്.
അതേസമയം താന്‍ രാഷ്ട്രീയ തേജോവധത്തിന് ഇരയാവുകയായിരുന്നുവെന്ന് വാര്‍ത്തസമ്മേളനത്തില്‍ ഫ്രീഡം പാര്‍ട്ടി നേതാവായ സ്ട്രാഹെ പറഞ്ഞു. സര്‍ക്കാറിന് മാനഹാനിയുണ്ടാകാതിരിക്കാനാണ് രാജിയെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ലമന്റെ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2017 ജൂലൈയിലാണ് സംഭവം. തെരഞ്ഞെടുപ്പിനുശേഷം സെബാസ്റ്റിയന്‍ കുര്‍സിന്റെ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഹൈന്‍സിന്റെ പാര്‍ട്ടിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു. ഓസ്ട്രിയയിലെ സര്‍ക്കാര്‍ മുന്നോട്ടുകുത്തിക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ തന്നെ പിടിച്ചുലച്ച സംഭവം പുറത്ത് വന്നത്.