കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ല ; മധ്യപ്രദേശില്‍ കരുനീക്കങ്ങളുമായി ബി.ജെ.പി
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഉടന്‍ തന്നെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സന്നദ്ധത അറിയിച്ചതായാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ഇതോടെ കമല്‍നാഥ് സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ബിജെപിയുടെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടുമെന്ന എക്സിറ്റ് പോളുകള്‍ വന്നതിനു പിന്നാലെയാണ് ബി ജെ പി നിലപാട് വ്യക്തമാക്കിയത്.
മധ്യപ്രദേശ് സര്‍ക്കാര്‍ സ്വമേധയാ വീഴുമെന്നും കുതിരക്കച്ചവടത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ മാധ്യമങ്ങളോട് പ്രതികരിച്ചു. മധ്യപ്രദേശില്‍ ബിജെപി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയും ഇവിടെ കോണ്‍ഗ്രസിനുണ്ട്.
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 113 സീറ്റാണ്. ബി.എസ്.പിയുടെ രണ്ടും എസ്.പിയും ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പെടെ 120 അംഗങ്ങളുടെ പിന്തുണ കമല്‍ നാഥ് സര്‍ക്കാരിനുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം പ്രതിപക്ഷകക്ഷിയായ ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്. ഏഴംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.
ബിജെപിക്ക് 109 സീറ്റുകളാണ് ഇവിടെയുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന എക്സിറ്റ് പോളുകള്‍ക്ക് തൊട്ടു പിന്നാലെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമമെന്നതാണ് ശ്രദ്ധേയം. മധ്യപ്രദേശിലും ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
മധ്യപ്രദേശിലെ 29 സീറ്റുകളില്‍ ബിജെപി 24 എണ്ണം വരെ നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിച്ചിട്ടുണ്ട്. 2013-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. തുടര്‍ച്ചയായി അധികാരത്തിലേറിയ മൂന്നുവട്ടവും ശിവ്രാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രി.